പി.കെ ശശിയുടെ സസ്പെന്‍ഷന്‍: പിന്തുണച്ച നേതാക്കള്‍ക്കേറ്റ വലിയ തിരിച്ചടി

സി.പി.എമ്മിന്റെ സംഘടനാ സംവിധാനം വിലയിരുത്തുമ്പോള്‍ കടുത്ത നടപടി തന്നെയാണ് പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ കരുത്തുമായിരുന്ന പി.കെ ശശിക്ക് നേരിടേണ്ടി വന്നത്.

Update: 2018-11-26 14:27 GMT
Advertising

പാലക്കാട് ജില്ലയില്‍ സി.പി.എം രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായിരുന്ന പി.കെ ശശിക്കും ശശിയെ പിന്തുണക്കുന്ന ജില്ലാ നേതൃത്വത്തിനും വലിയ തിരിച്ചടിയാണ് സംസ്ഥാന സമിതി സ്വീകരിച്ച സംഘടനാ നടപടി. നടപടിക്ക് വിധേയനായി അച്ചടക്കം പാലിച്ച് കാലാവധി പൂര്‍ത്തിയാക്കിയാലും ഇനി ശശിക്ക് പഴയ പ്രതാപത്തോടെ നേതൃത്വത്തില്‍ തിരിച്ചെത്താനാവുമോ എന്ന കാര്യം സംശയമാണ്. ശശിക്കെതിരെ എടുത്ത നടപടി കുറഞ്ഞു പോയെന്നാണ് മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ പ്രതികണം.

സി.പി.എമ്മിന്റെ സംഘടനാ സംവിധാനം വിലയിരുത്തുമ്പോള്‍ കടുത്ത നടപടി തന്നെയാണ് പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ കരുത്തുമായിരുന്ന പി.കെ ശശിക്ക് നേരിടേണ്ടി വന്നത്. അത്തരമൊരു നടപടിയിലേക്ക് കടന്നാല്‍ പിന്നീടൊരു തിരിച്ചു വരവ് എളുപ്പമല്ലെന്ന് അറിയാവുന്നതു കൊണ്ടു തന്നെയാണ് ശശി അനുകൂല വിഭാഗത്തിലെ നേതാക്കള്‍ കടുത്ത നടപടി ഒഴിവാക്കാന്‍ അവസാന നിമിഷം വരെ ശ്രമിച്ചത്. ഇതിനായി പരാതി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒത്തു തീര്‍പ്പുണ്ടാക്കാന്‍ വരെ ശ്രമങ്ങള്‍ നടന്നു.

ശശി വരുദ്ധ വിഭാഗത്തിന്റെ പ്രവര്‍ത്തനമാണ് ഇത്തരമൊരു പരാതിക്ക് വഴിയൊരുക്കിയതെന്ന പ്രതീതിയുണ്ടാക്കാന്‍ ആ വിഭാഗത്തിലെ നേതാക്കള്‍ക്കെതിരെയും നടപടിയെടുപ്പിക്കാനുള്ള നീക്കങ്ങളുമുണ്ടായി. പരാതി സംബന്ധിച്ച വിവാദം കത്തി നില്‍ക്കുമ്പോഴും ശശിയെ പൊതുവേദികളില്‍ സജീവമാക്കാന്‍ നേതൃത്വം തീരുമാനിച്ചത് പാര്‍ട്ടിയില്‍ ശശിക്കുണ്ടായിരുന്ന സ്വാധീനത്തിന് തെളിവാണ്. എന്നാല്‍ എല്ലാത്തിനും മുകളില്‍ സംസ്ഥാന സമിതിയുടെ നടപടി വന്നത് പി.കെ ശശിക്കും ശശിയെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കും വലിയ തിരിച്ചടിയായി.

ഇത്തരമൊരു നടപടി നേരിട്ട നേതാവിനെ ഇനി പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതോ ജനാധിപത്യ വേദികളിലേക്ക് മത്സരിപ്പിക്കുന്നതോ പെട്ടെന്ന് പ്രായോഗികമല്ല. നടപടി കുറഞ്ഞു പോയെന്നായിരുന്നു മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ ആദ്യ പ്രതികരണം. സംസ്ഥാന സമിതി എടുത്ത നടപടിയും പരാതിയുടെ സ്വഭാവവും ചൂണ്ടിക്കാട്ടി പി.കെ ശശിയുടെ തിരിച്ചു വരവിന് തടയിടാന്‍ എതിര്‍വിഭാഗത്തിന് കഴിയുകയും ചെയ്യും.

Full View
Tags:    

Similar News