ശബരിമല വിഷയം: സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
വിധി നടപ്പിലാക്കുന്നതിന് വലതുപക്ഷ സംഘടനകളും രാഷ്ട്രീയ കക്ഷികളും സൃഷ്ടിക്കുന്ന തടസങ്ങൾ കോടതിയെ അറിയിക്കാനാണ് നീക്കം.
ശബരിമല യുവതീ പ്രവേശന കാര്യത്തില്‍ സംസ്ഥാന സർക്കാരും സുപ്രീം കോടതിലേക്ക്. വിധി നടപ്പിലാക്കുന്നതിന് വലതുപക്ഷ സംഘടനകളും രാഷ്ട്രീയ കക്ഷികളും സൃഷ്ടിക്കുന്ന തടസങ്ങൾ കോടതിയെ അറിയിക്കാനാണ് നീക്കം. ഹൈകോടതി ഇടപെടലുകൾ ഉൾപ്പെടെ ഉള്ള വിഷയങ്ങളും സുപ്രീം കോടതിയെ അറിയിക്കും.
ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും സമരം തുടരുകയാണ്. ഈ സാഹചര്യം കോടതിയെ ബോധിപ്പിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശം. ഒപ്പം വിധി നടപ്പാക്കുന്നതില്‍ മാർഗ്ഗ നിർദേശവും തേടിയേക്കും. നാളെയോ മറ്റന്നാളോ ഹര്‍ജി സമര്‍പ്പിക്കാനാണ് ആലോചന. വിഷയത്തില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ചര്‍ച്ച നടത്തി. സംസ്ഥാന ചീഫ് സെക്രട്ടറി ആകും കോടതിയെ സമീപിക്കുക.
സന്നിധാനത്തും പരിസരത്തും നേരിടുന്ന ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി പോലീസ് നേരിട്ട് ഹര്‍ജി സമര്‍പ്പിക്കുന്നതിനെ കുറിച്ച് നേരത്തെ ആലോചിച്ചിരുന്നു. പക്ഷേ ഇതുണ്ടാകില്ല. പോലീസിന് നേരിട്ട് ഹര്‍ജി സമര്‍പ്പിക്കാനാകില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിധി നടപ്പാക്കുന്നതിന് അനിശ്ചിത കാലത്തേക്ക് സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി ഇതുവരെ കോടതിയുടെ പരിഗണനക്ക് വന്നിട്ടില്ല. വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ടുകളും ജനുവരി 22 ന് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു.