ബി.ജെ.പി വഴി തടയൽ സമരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചു
മന്ത്രിമാർ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടും. ആവശ്യമായ അംഗബലം അറിയിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.
ബി.ജെ.പി വഴി തടയൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ വർധിപ്പിച്ചു. ഇത് സംബന്ധിച്ച് ഡി.ജി.പി, ഡി.വൈ.എസ്.പിമാർക്ക് നിർദ്ദേശം നൽകി.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കാത്ത സാഹചര്യത്തിലാണ് ബി.ജെ.പി വഴിതടയൽ സമരവുമായി എത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സ്ഥലങ്ങളിലെല്ലാം വഴി തടയും. ഇതേ തുടർന്നാണ് മന്ത്രിമാർക്ക് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. അതാത് ഡി.വൈ.എസ്.പിമാർക്ക് വേണ്ട മുന്നൊരുക്കങ്ങളെടുക്കാൻ ഡി.ജി.പി നിർദ്ദേശം നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ എന്നിവർക്കാണ് കൂടുതൽ സുരക്ഷ നൽകുക. ശബരിമല വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയ മന്ത്രിമാർക്കും സുരക്ഷ ഒരുക്കും. മന്ത്രിമാർ പങ്കെടുക്കുന്ന സ്ഥലങ്ങളിൽ പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടും. ആവശ്യമായ അംഗബലം അറിയിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.