ശബരിമല ദര്‍ശനത്തിനായി മനിതിയിലെ അംഗങ്ങള്‍ കോട്ടയത്തെത്തി
സംഘത്തില്‍ ചെന്നൈ, ഒഡീഷ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരാണ് എത്തുന്നത്.
ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്ന മനിതി സംഘത്തിലെ പ്രവര്‍ത്തകര്‍ കോട്ടയത്ത് എത്തി തുടങ്ങി. ആദിവാസി വനിത പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അമ്മിണി അടക്കമുള്ളവരാണ് ആദ്യം എത്തിയത്. ബാക്കിയുള്ളവര്‍ നാളെ പുലര്‍ച്ചെ കോട്ടയത്തേക്ക് എത്തും. ഇവര്‍ക്കെതിരെ കോട്ടയത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനിടെ ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടി.
നാളെ ശബരിമലയില്‍ സന്ദര്‍ശനം നടത്താനാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടന പ്രവര്‍ത്തകരുടെ തീരുമാനം. സംഘത്തില്‍ ചെന്നൈ, ഒഡീഷ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം കേരളത്തിലെ ആദിവാസി വനിത പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ശബരിമലയിലേക്ക് പോകാന്‍ തയ്യാറായിട്ടുണ്ട്. ഈ സംഘത്തിലെ ചിലരാണ് ആദ്യം കോട്ടയത്ത് എത്തിയത്.
പല സംഘങ്ങളായിട്ടാണ് ഇവര്‍ കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഏത് മാര്‍ഗ്ഗമാണ് ഇവര്‍ വരുന്നതെന്ന വിവരം പൊലീസിനോട് പോലും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ എട്ട് അംഗങ്ങള്‍ സഞ്ചരിച്ച വാന്‍ മധുരയില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. നാളെ രാവിലെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിച്ച് ശബരിമലയിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. അതേസമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടി.
മണ്ഡല മഹോത്സവത്തിന് മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കേ വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇതുകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ നീട്ടിയത്.