കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തില്‍
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്ന് സമരപന്തലിലെത്തി.
Update: 2019-01-23 09:47 GMT
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എംപാനലുകാര്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് നേതാക്കള്‍ ഇന്ന് സമരപന്തലിലെത്തി.
സെക്രട്ടറിയേറ്റ് വളപ്പില്‍ നടുറോഡില്‍ പൊരിവെയിലത്താണ് പിരിച്ച് വിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍. അധികാരികളോട് കണ്ണുതുറക്കാന്‍ ഉറക്കെ മുദ്രവാക്യം. ചിലര്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ച് തുടങ്ങി. തൊഴിലില്ലാതെ വീട്ടിലേക്ക് തിരികെ പോകാനാകില്ലെന്ന് മറ്റ് ചിലര്‍. ആശ്വാസ വാക്കുകളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇടയ്ക്കിടെ എത്തുന്നുണ്ട്. പിന്തുണയുമായി പൊതുജനവും.