ചര്‍ച്ചകള്‍ തുടങ്ങിയതോടെ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്
കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ കണ്ണുവെച്ചാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
ഇടതു മുന്നണിയില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയതോടെ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്. കോട്ടയം, പത്തനംതിട്ട സീറ്റുകളില്‍ കണ്ണുവെച്ചാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമായാൽ പി.ജെ ജോസഫ് വിഭാഗത്തെ ഒപ്പം ചേര്‍ക്കാനുള്ള നീക്കങ്ങളും ഫ്രാൻസിസ് ജോർജ് വിഭാഗം നടത്തുന്നുണ്ട്. മുന്നണി പ്രവേശനം സാധ്യമായ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പായതിനാല്‍ കൃത്യമായ ഇടപെടൽ നടത്താനാണ് പാർട്ടിയുടെ തീരുമാനം.
തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഇടതുപക്ഷം കൂടി ഉള്‍പ്പെട്ട സഖ്യം എത്തിയാൽ അതിന്റെ ഭാഗമായി നിലനില്‍ക്കാനാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് . അതു കൊണ്ട് തന്നെ മുന്നണിക്കുള്ളില്‍ സീറ്റ് ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും പാര്‍ട്ടിയെ പരിഗണിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ അഭ്യന്തര കലഹം ഉണ്ടെന്നും ആ പാര്‍ട്ടി ജനാധിപത്യപര മര്യാദകള്‍ പാലിക്കുന്നില്ല എന്നഭിപ്രായമുള്ളവര്‍ പുനര്‍ചിന്തനം നടത്തി പുറത്തു വരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കെ.എം മാണിയുമായി ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ ഒപ്പം കൂട്ടാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ഈ പ്രതികരണം. ജോസഫ് വിഭാഗവുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍ കൂടുതൽ സീറ്റെന്ന ആവശ്യം ബലപ്പെടുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.