പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലി ബി.ജെ.പിയില്‍ കലഹം
ശോഭ സുരേന്ദ്രനും സി.കൃഷ്ണകുമാറും മത്സരിക്കാനായി രംഗത്തുണ്ട്.
പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലി ബി.ജെ.പിയില്‍ കലഹം. ശോഭ സുരേന്ദ്രനും സി.കൃഷ്ണകുമാറും മത്സരിക്കാനായി രംഗത്തുണ്ട്.സമവായത്തിന്റെ ഭാഗമായി എ.എന്‍ രാധകൃഷ്ണനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലക്കാട്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന് 136587 വോട്ടുകളാണ് ലഭിച്ചത്.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥനത്ത് എത്തിയിരുന്നു.പാലക്കാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇതൊക്കെയാണ്. എന്നാല്‍ പാലക്കാട് മണ്ഡലത്തിനകത്തുനിന്നുള്ള ആളുകള്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറിനെ പിന്തുണക്കുന്നവരുടെ വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല്‍പത്തി ഏഴായിരത്തിലധികം വോട്ട് നേടി മലമ്പുഴമണ്ഡലത്തില്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തി. കൂടാതെ നിലവില്‍ പാലക്കാട് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാനും ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റുമാണ് കൃഷ്ണകുമാര്‍. ഇരുനേതാക്കള്‍ക്കുമായി പാര്‍ട്ടിക്ക് അകത്ത് വലിയ അവകാശവാദങ്ങള്‍ നടക്കുന്നുണ്ട്. തര്‍ക്കങ്ങളിലെന്ന് ബി.ജെ.പി നേതാക്കള്‍ പറയുമ്പോഴും പാലക്കാട് സീറ്റിനായി ചേരി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
സി.കൃഷണകുമാറും ശോഭാ സുരേന്ദ്രനും സ്ഥനാര്‍ഥിത്വത്തിനായി രംഗത്തുള്ള സാഹചര്യത്തില്‍ സമവായത്തിനായി മറ്റൊരാളെ മത്സരിപ്പിക്കുന്ന കാര്യവും നേതൃത്വം ആലോചിക്കുന്നുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കാനാണ് സാധ്യത. നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടര്‍ന്നാല്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ടിനെക്കാള്‍ കുറയുമെന്ന് ഭീതിയും നേതൃത്വത്തിനുണ്ട്.