തുല്യനീതിയില്ല; ബി.ഡി.ജെ.എസ് വിടുന്നുവെന്ന് അക്കീരമൺ
എല്ലാ സമുദായങ്ങളെയും ഒരു വേദിയിൽ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബി.ഡി.ജെ.എസിന് പാർട്ടിക്കുള്ളിൽ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ് ഉപാധ്യക്ഷൻറെ ആക്ഷേപം.
ബി.ഡി.ജെ.എസ് ഉപാധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പാർട്ടി വിടുന്നു. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അക്കീരമൺ പറഞ്ഞു. പാർട്ടിയുടെ ഭാഗത്തുനിന്ന് എല്ലാവർക്കും തുല്യനീതി കിട്ടാത്തതിനാലാണ് തീരുമാനമെന്ന് അക്കീരമണ്‍ വ്യക്തമാക്കി.
എല്ലാ സമുദായങ്ങളെയും ഒരു വേദിയിൽ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബി.ഡി.ജെ.എസിന് പാർട്ടിക്കുള്ളിൽ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ് ഉപാധ്യക്ഷൻറെ ആക്ഷേപം. രണ്ടുതരം നീതിയാണ് പാർട്ടിക്കുള്ളിൽ കാണുന്നത്. എല്ലാ സമുദായങ്ങളിൽപ്പെട്ടവർക്കും തുല്യനീതിയെന്ന കാഴ്ചപ്പാടുമായാണ് പാർട്ടിൽ ചേർന്നത്. മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ നിലപാടുകളും സ്വീകാര്യമല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ആശയങ്ങൾക്ക് അനുകൂലമല്ലാത്ത സാഹചര്യമായതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻമാറുകയാണെന്നും അദ്ദേഹം തിരുവല്ലയിൽ പറഞ്ഞു.
പാർട്ടി അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയടക്കമുള്ള നേതാക്കളുമായി സൗഹൃദത്തിലാണെന്നും അക്കീരമൺ പറഞ്ഞു. സജീവ രാഷ്ട്രീയത്തിൽ നിന്നുമാറി യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കുറച്ചുനാളായി ബി.ഡി.ജെ.എസ് യോഗങ്ങളിൽ നിന്ന് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് വിട്ടുനിൽക്കുകയായിരുന്നു.