മാർക്കോയുടെ വ്യാജ പതിപ്പ് ഇൻസ്റ്റാഗ്രാം വഴി പ്രചരിപ്പിച്ച ആലുവ സ്വദേശി സൈബർസെല്ലിന്റെ പിടിയിൽ
പ്രൈവറ്റ് മെസേജയച്ചാൽ മാർക്കോയുടെ ലിങ്ക് അയച്ചുതരും എന്ന് യുവാവ് പോസ്റ്റിട്ടിരുന്നു
എറണാകുളം: മാർക്കോ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ ആലുവ സ്വദേശി കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ ആക്വിബ് ഫനാനാണ് പിടിയിലായത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. പ്രൈവറ്റ് മെസേജയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു പോസ്റ്റ്.
മാർക്കോ സിനിമയുടെ വ്യാജപതിപ്പിനെതിരെ കഴിഞ്ഞദിവസമാണ് പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ പരാതി നൽകിയത്. കൊച്ചി ഇൻഫൊ പാർക്കിലെ സൈബർ സെല്ലിലാണ് ഷെരീഫ് മുഹമ്മദ് പരാതി നൽകിയത്. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച അക്കൗണ്ടുകളുടെ വിവരങ്ങളും നിർമ്മാതാക്കൾ പൊലീസിന് കൈമാറി. അതേസമയം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്ത് സിനിമ കാണുന്നതും കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സിനിമാറ്റോഗ്രാഫ് നിയമം,കോപ്പിറൈറ്റ് നിയമം എന്നിവ പ്രകാരമാണ് സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സൈബർ സ്റ്റേഷനിൽ എത്തിയിരുന്നു.
വാർത്ത കാണാം-