ആന്‍റോ ആന്‍റണിക്കെതിരെ അഴിമതി ആരോപണവുമായി എല്‍.ഡി.എഫ്
പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതികളിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ സഹോദരങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണമാണ് എൽ.ഡി.എഫ് ഉർത്തിയിട്ടുള്ളത്.
പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിക്കെതിരെ സഹകരണ ബാങ്ക് അഴിമതി ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. ബി.ജെ.പി സ്ഥാനാർഥി കെ സുരേന്ദ്രനെതിരെ ശബരിമല പരാമർശങ്ങളുമാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നത്. ആരോപണം രാഷ്ട്രീയ തട്ടിപ്പാണെന്ന് തോല്‍വി ഭയന്നാണെന്നും യു.ഡി.എഫ് പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കി നിൽക്കെയാണ് കടുത്ത ആരോപണങ്ങളുമായി മുന്നണികൾ രംഗത്ത് എത്തിയിട്ടുള്ളത്. പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതികളിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ സഹോദരങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണമാണ് എൽ.ഡി.എഫ് ഉർത്തിയിട്ടുള്ളത്.
എന്നാൽ ആരോപണം രാഷ്ട്രീയ തട്ടിപ്പാണെന്നാണ് യു.ഡി.എഫിന്‍റെ പ്രതികരണം. ആന്‍റോ ആന്‍റണി വിജയിക്കുമെന്ന് ഉറപ്പായതോടെ നിലവാരമില്ലാത്ത ആരോപണങ്ങളാണ് എൽ.ഡി.എഫ് ഉന്നയിക്കുന്നതെന്നാണ് വിശദീകരണം.
ശബരിമലയുടെ പേരിൽ വോട്ട് ചെയ്യണമെന്ന കെ. സുരേന്ദ്രന്‍റെ പരാമർശങ്ങൾക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. വീണ ജോർജിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന പരാതിയും വരണാധികാരിക്ക് ലഭിച്ചിട്ടുണ്ട്.