രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം; വിജയരാഘവനെതിരെ കേസെടുക്കില്ല
അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗം വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നാണ് നിയമോപദേശം. മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത് കുമാറിന് റിപ്പോര്‍ട്ട് കൈമാറി
രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ പൊലീസ് കേസെടുക്കില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് മലപ്പുറം എസ്.പി പ്രതീഷ്കുമാര്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിന് കൈമാറി.
ഈ പ്രസംഗം ചൂണ്ടിക്കാട്ടി എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം മൂന്ന് പേര് പൊലീസിന് പരാതി നല്‍കിയിരുന്നു. തൃശൂര്‍ റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കറാണ് കേസന്വേഷിച്ചത്. കേസെടുക്കണമെന്നോ,വേണ്ടന്നോ പറയാതെയാണ് ഡി.വൈ.എസ്.പി മലപ്പുറം എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് മലപ്പുറം എസ്.പി ഡി.ജി.പിയോട് നിയമോപദേശം തേടി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം വിജയരാഘവന്‍ നടത്തിയിട്ടില്ലെന്നും അതുകൊണ്ട് കേസെടുക്കേണ്ട സാഹചര്യമില്ലന്നുമാണ് നിയമോപദേശത്തിലുള്ളത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ അത് വ്യക്തമാകുമെന്നും പറയുന്നു. ഇതേത്തുടര്‍ന്ന് മലപ്പുറം എസ്.പി തൃശൂര്‍ റേഞ്ച് ഐ.ജിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐ.ജി റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കൈമാറി. നിയമ നടപടികള്‍ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് വിജയരാഘവന്‍ രമ്യയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.