രമ്യാ ഹരിദാസിനു നേരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് യു.ഡി.എഫ്
കല്ലേറില്‍ പരിക്കേറ്റ രമ്യാ ഹരിദാസിനെയും അനില്‍ അക്കര എം.എല്‍.എയെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആലത്തൂരില്‍ രമ്യാ ഹരിദാസിന്‍റെ വാഹനത്തിന് നേരെയുണ്ടായ അക്രമം ആസൂത്രിതമെന്ന് യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് സി.പി.എം അക്രമമഴിച്ച് വിടുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. കൊട്ടിക്കലാശത്തിന്‍റെ മറവില്‍ യു.ഡി.എഫാണ് അക്രമമഴിച്ച് വിട്ടതെന്നാണ് എല്‍.ഡി.എഫ് ആരോപണം. കല്ലേറില്‍ പരിക്കേറ്റ രമ്യാ ഹരിദാസിനെയും അനില്‍ അക്കര എം.എല്‍.എയെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആലത്തൂര്‍ ടൌണില്‍ യു.ഡി.എഫിന്‍റെ കൊട്ടിക്കലാശം സമാപിച്ചതിന് ശേഷമാണ് സ്ഥാനാര്‍ഥിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ദേശിയ മൈതാനം ഭാഗത്ത് നിന്നും കോര്‍ട്ട് റോഡിലൂടെ നീങ്ങിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നാണ് യു.ഡി.എഫ് ആരോപണം. രമ്യാ ഹരിദാസിനും ചീഫ് ഇലക്ഷന്‍ ഏജന്‍റ് അനില്‍ അക്കര എം.എല്‍.എക്കും നാല് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാര്‍ക്കും കല്ലേറില്‍ തലക്ക് പരിക്കേറ്റു. ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ഥാനാര്‍ഥിയെയും എം.എല്‍.എയെയും രാത്രിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ ആലത്തൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.
അക്രമത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതായും എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ബോധപൂര്‍വ്വം അക്രമം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ നിന്നും അകറ്റാനാണ് എല്‍.ഡി.എഫ് ശ്രമമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഇരുമുന്നണികളും ശക്താമായ പ്രചരണം കാഴ്ച വെച്ച ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ വ്യാപകമായ അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.