വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും

അടിസ്ഥാന സൌകര്യങ്ങളില്ലാതെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മീഡിയവണ്‍

Update: 2019-12-28 11:33 GMT
Advertising

അടിസ്ഥാന സൌകര്യമില്ലാത്ത വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവ്.

ഹൈകോടതി നിര്‍ദേശവും മെഡിക്കല്‍ കൌണ്‍സില്‍ വിദ്ഗദ സമിതിയുടെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് നടപടി. എസ് ആര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നത് മീഡിയ വണാണ്. ഒന്നരവര്‍ഷമായി വിദ്യാര്‍ഥികള്‍ നടത്തി വന്ന പോരാട്ടത്തിന് വിജയകരമായ സമാപ്തി. പഠനസൌകര്യമില്ലാത്ത കോളജില്‍ നിന്ന് തങ്ങളെ മാറ്റണമെന്ന ആവശ്യത്തിന്മേല്‍ അവസാന തീരുമാനമായിരിക്കുന്നു. വിദ്യാര്‍ഥികളെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കോളജിന് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനാനുമതി റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതി ഉത്തരവും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഗവേണിങ് ബോഡിയുടെ തീരുമാനവും പരിഗണിച്ചാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളെ ഏത് കോളജുകളിലേക്ക് മാറ്റണം, ഫീസ് ഘടന എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിക്കണം. നിര്‍ദേശം അംഗീകരിക്കുന്ന മുറക്ക് വിദ്യാര്‍ഥികളുടെ മാറ്റം യാഥാര്‍ഥ്യമാകും. എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ പഠന സൌകര്യമില്ലായ്മ ഉന്നയിച്ച് വിദ്യാര്‍ഥികളാണ് സമരവും നിയമപോരാട്ടവും തുടങ്ങിയത്. ഡോക്ടര്‍മാരും ക്ലിനിക്കല്‍ സൌകര്യങ്ങളും രോഗികളും ഇല്ലാത്തെ കോളജിന്‍റെ അവസ്ഥയെക്കുറിച്ച് മീഡിയവണ്‍ നിരവധി റിപ്പോര്‍ട്ടുകല്‍പുറത്തു വിട്ടു. മെഡിക്കല്‍ കൌണ്‍സിലിന്‍റെ വിദഗ്ദ സംഘവും സംസ്ഥാന വിജിലന്‍സും കോളജില്‍ പഠന സൌകര്യമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ കോളജിന് അടിസ്ഥാന സൌകര്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ആരോഗ്യ സര്‍വകലാശാല നല്‍കിയിരുന്നത്.

Full View

Similar News