മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നല്‍കി അതിഥി തൊഴിലാളി; അഭിനന്ദനവുമായി തരൂര്‍
കാസർഗോഡ് നീലേശ്വരം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിതാണ് സംഭാവന നല്‍കിയത്.
സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടക്കുമ്പോള്‍ ഈ കോവിഡ് കാലത്ത് കാരുണ്യത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് ഒരു അതിഥി തൊഴിലാളി.
കാസർഗോഡ് നീലേശ്വരം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിതാണ് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നൽകിയത്.സബ് ഇന്‍സ്‌പെക്ടറായ സി.ആര്‍. ബിജു ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
പ്രതിസന്ധിക്കിടയിലും സന്‍മനസ് കാട്ടിയ വിനോദിനെ ശശി തരൂര്‍ എം.പി അഭിനന്ദിച്ചു.കേരളം അതിഥി തൊഴിലാളികളെ പരിപാലിക്കുന്നു, അവര്‍ അതിന് ഹൃദയം കൊണ്ട് നന്ദി അറിയിക്കുന്നു എന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
ബിജു സി.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നൽകി.
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കാണുമ്പോൾ, അതിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളും ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത്തരം വിമർശകർക്ക് അത് അറിയാതെ നൽകിയ ഒരു മറുപടിയാണ് രാജസ്ഥാൻ സ്വദേശി ശ്രീ. വിനോദ് ജംഗിത്തിൻ്റെ ഭാഗത്ത് നിന്ന് ഇന്ന് ഉണ്ടായത്.
കാസർഗോഡ് നീലേശ്വരം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നൽകാൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടർ ശ്രീ. എം എ മാത്യു സാറിനെ ഏൽപ്പിച്ചു. ബാങ്ക് സമയം കഴിഞ്ഞതിനാൽ
ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അയ്യായിരം രൂപ CMDRF ലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്തു. തുശ്ചമായ കൂലിക്ക് ജോലി ചെയ്ത് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ശ്രീ.വിനോദ് ജംഗിതിൻ്റെ വലിയ മനസ്സ് കാണേണ്ടവരിൽ ചിലർ ഇത്തരം വിമർശകരുടെ കൂട്ടത്തിൽ ഉണ്ടാവാം.
കേരളം അനുഭവിച്ച മഹാപ്രളയ കാലഘട്ടത്തിലും വില്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ ബ്ലാങ്കറ്റുകളും ദുരിതം അനുഭവിക്കുന്നവർക്ക് നൽകിയ അതിഥിയേയും നാം കണ്ടിരുന്നു.
അതിഥി തൊഴിലാളികളെ അധിക്ഷേപിക്കുമ്പോൾ കേരള സമൂഹം ഒരു കാര്യം ഓർക്കേണ്ടതുണ്ട്.മലയാളി എന്നാൽ ലോകമലയാളിയാണ്.
മലയാളി ഇല്ലാത്ത ഒരു രാജ്യം പോലും ഈ ഭൂമിയിൽ ഉണ്ടാകാൻ സാധ്യതയില്ല. മലയാളി ഇല്ലാത്ത ഒരു സംസ്ഥാനം പോലും ഇന്ത്യയിലുണ്ടാകാൻ സാധ്യതയില്ല. ഓരോ മലയാളി കുടുംബത്തിലും ഒരു പ്രവാസിയെങ്കിലും ഉണ്ടാകും.ഓരോ മലയാളി കുടുംബത്തിലും ഒരാളെങ്കിലും അന്യസംസ്ഥാനത്തും ഉണ്ടാകും. അവരുടെ ജീവിതയിടങ്ങളിൽ അവഗണയോ അധിക്ഷേപങ്ങളോ ഉണ്ടായാൽ നമുക്ക് ക്ഷമിക്കാൻ കഴിയില്ല. ധാർമ്മിക രോക്ഷം ഓരോ മലയാളിയിലും ഉണ്ടാകും.
ഈ കൊറോണക്കാലത്തും അത്തരം അനുഭവങ്ങളും വാർത്തകളും വന്നു. ബോംബെയിലും ഡൽഹിയിലും പ്രവർത്തിയെടുക്കുന്ന നഴ്‌സുമാർക്ക് സ്വന്തം ആശുപത്രിയിൽ നിന്ന് പോലും വിവേചനം നേരിടുന്നതായി വാർത്തകൾ വന്നു. അവർക്ക് ആവശ്യമായ പരിഗണന നൽകാൻ ആ നാട്ടിലെ ഭരണകൂടങ്ങളോട് കരുത്തോടെയാണ് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതിനുള്ള അവകാശം ഇന്നത്തെ കേരളത്തിനുണ്ട്. കേരളത്തിൽ ജോലിചെയ്യുന്ന അഞ്ച് ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് അവരുടെ പാർപ്പിടം, ഭക്ഷണം, ചികിത്സ എന്നിവ സ്വന്തം സഹോദരങ്ങൾക്കെന്ന പോലെ ഉറപ്പാക്കിയ നാടാണിത്.
മറ്റ് സംസ്ഥാനങ്ങളിൽ മലയാളികൾ അനുഭവിക്കുന്ന ദുരിതവും, മംഗലാപുരത്തേക്ക് ചികിത്സയ്ക്കുള്ള യാത്രപോലും നിഷേധിച്ച കാഴ്ചയും കാണുമ്പോൾ നമുക്ക് അഭിമാനിക്കാം ഈ കേരളത്തെയോർത്ത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്നപോലെ ആതിഥ്യരംഗത്തും ഈ കേരളം ലോകത്തിന് മാതൃകയാണ്.
കോവിഡ് ബാധിച്ച വിദേശപൗരന് ഒരു പക്ഷേ സ്വന്തം നാട്ടിൽ ലഭിക്കാത്ത മികച്ച ചികിത്സ നൽകി സംരക്ഷിച്ച നാടാണ് കേരളം. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി കേരളത്തിൽ എല്ലാത്തരം ജോലിയും ചെയ്യുന്ന സഹോദരന്മാരെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷണം ഉറപ്പാക്കിയ നാടാണ് കേരളം. സാഹോദര്യവും സഹകരണവും എങ്ങനെ ആകണം എന്നതിന് ലോകത്തിന് തന്നെ മാതൃകയാകാൻ ഈ കോവിഡ് കാലം കേരളത്തിന് അവസരം തന്നിരിക്കുന്നു.
ഈ വിശാലമായ ചിന്തയിലേക്ക് നമുക്ക് മുഴുവൻ പേർക്കും എത്തിച്ചേരാം.നിരവധി ബധിരകർണങ്ങളെ തുറപ്പിക്കുമാറ് മാതൃകാപരമായ പ്രവർത്തനം നടത്തിയ പ്രിയ സഹോദരൻ വിനോദ് ജംഗിത്തിന് അഭിനന്ദനങ്ങൾ.....
അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ...
Posted by Biju Cr on Wednesday, April 8, 2020