കോവിഡ് കാലത്തെ മറ്റൊരു കുഞ്ഞുമാലാഖ; ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് മൂന്നാം ക്ലാസുകാരി
ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു
കുഞ്ഞുങ്ങളെപ്പോഴും അങ്ങിനെയാണ്...മുതിര്‍ന്നവരെക്കാള്‍ വലിയ മനസോടെ അവര്‍ ചിന്തിക്കും. അവ ചിലപ്പോള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. കേരളം കടന്നുപോയ രണ്ട് പ്രളയകാലത്തും ഈ കോവിഡ് സമയത്തും കുഞ്ഞുമക്കള്‍ ദുരിതബാധിതരെ സഹായിക്കാന്‍ രംഗത്ത് വന്ന വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. ഇതാ ഇവിടെയൊരു മൂന്നാം ക്ലാസുകാരി ക്യാന്‍സര്‍ രോഗികള്‍ക്കായി തന്റെ ഇടതൂര്‍ന്ന മുടി ദാനം ചെയ്തിരിക്കുകയാണ്. ഒറ്റപ്പാലം സ്വദേശിയായ അച്ചു എന്ന് വിളിക്കുന്ന അശ്വതിയാണ് തന്റെ മുടി നല്‍കിയത്. പിതാവ് രഞ്ജിത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
അമ്മേ, ഞാൻ എന്റെ മുടി ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്തോട്ടെ? ആ ചോദ്യം കേട്ട് ഞങ്ങൾ മാതാപിതാക്കളും അച്ചച്ചനും അച്ചമ്മയുമെല്ലാം ആശ്ചര്യപ്പെട്ടുപോയി. എന്നാൽ അവൾ ധീരമായ് തന്റെ ആഗ്രഹത്തിലുറച്ചു നിന്നു. മൂന്നാം ക്ലാസ്സിലേക്ക് പോകാനൊരുങ്ങുന്ന എന്റെ അച്ചു (അശ്വതി. സി), തന്റെ നീളമുള്ള, ഇടതൂർന്ന് വളർന്ന ആ മനോഹരമായ മുടികൾ കാൻസർ രോഗികൾക്കായ് പൂർണ്ണമനസ്സോടെ സംഭാവന ചെയ്തിരിക്കുന്നു.ആ മുടിയിഴകൾ നന്നായ് മടഞ്ഞ് വെച്ച് സ്കൂളിലേക്ക് അവൾ പോവുന്നതും ഒടിച്ചാടി കളിക്കുമ്പോൾ മുന്നിലെ കുറുനിരകൾ നെറ്റിയിലേക്ക് തോരണം കണക്കേ തൂങ്ങിയാടുന്നതും കാണുമ്പോഴുമുള്ള ഭംഗി മാതാപിതാക്കളെന്ന നിലയിൽ ഞങ്ങളേറെ ആസ്വദിച്ചിരുന്നു. ഇന്ന് ആ ഭംഗിയുള്ള മുടിയിഴകൾ അവൾക്കില്ല. എന്നാൽ ആ നല്ല മനസ്സ് ആ കുഞ്ഞു മുഖത്തേ കൂടുതൽ വർണ്ണാഭമാക്കിയതിന്റെ ഭംഗി ഞങ്ങൾക്കിന്ന് കാണാനാവുന്നു. മഹാമനസ്കതയുടെയും, അനുകമ്പയുടെയും, സ്നേഹത്തിന്റെയും, ദയയുടെയും.... മനസ്സിന്റെ ഈ ഗുണഗണങ്ങളാൽ അലങ്കൃതമായിരിക്കുന്ന അവളുടെ പുഞ്ചിരി കൈമാറുന്നത് നല്ലൊരു സന്ദേശമാണ്.നാം നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് അതിലും കൂടുതൽ ആവശ്യമുള്ള ഒരാൾക്ക് നൽകാൻ തയ്യാറാകുമ്പോൾ, സ്വന്തം ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കരുത്തുള്ള ഒരു മനസ്സിനെ തയ്യാറാക്കിയിരിക്കണം എന്ന വലിയൊരു സന്ദേശം.
അമ്മേ, ഞാൻ എന്റെ മുടി ക്യാൻസർ രോഗികൾക്ക് സംഭാവന ചെയ്തോട്ടെ? ആ ചോദ്യം കേട്ട് ഞങ്ങൾ മാതാപിതാക്കളും അച്ചച്ചനും...
Posted by Cherikkallinmel Ranjith on Thursday, May 7, 2020