'ഗോസിപ്പ് കഥകളില്‍ അഭിരമിക്കുന്നവർക്ക് അതാവാം, പരിഭവമില്ല'; ദേശാഭിമാനി വാര്‍ത്തക്കെതിരെ മാധ്യമം പത്രാധിപർ ഒ. അബ്ദുറഹ്‍മാന്‍
'മീഡിയവണിൽ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു'
'ജമാഅത്തെ-യുഡിഎഫ് ബന്ധത്തിലെ തർക്കം: ഒ അബ്ദുറഹ്മാനെ മാധ്യമം- മീഡിയാവൺ പത്രാധിപ സ്ഥാനത്തുനിന്ന് മാറ്റി' എന്ന ദേശാഭിമാനി വാര്‍ത്തക്കെതിരെ മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്‍മാന്‍. ജോലി ഭാരം അൽപം കുറക്കണമെന്നും സ്ഥാപനത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു പോവരുതെന്നും മാധ്യമം മാനേജ്മെന്റിന് തോന്നിയതിന്‍റെ ഫലമാണ് അടുത്ത ഏപ്രിൽ മുതൽ ചീഫ് എഡിറ്ററായി തന്നെ നിയമിക്കാനുള്ള തീരുമാനമെന്ന് ഒ. അബ്ദുറഹ്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എക്സിക്യൂട്ടീവ് എഡിറ്റർ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാന്‍ തീരുമാനമുണ്ട്. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ലെന്ന് ഒ അബ്ദുറഹ്‍മാന്‍ പറഞ്ഞു.
ഗോസിപ്പുകളുടെ പ്രളയകാലത്ത്, അതും ഇലക്ഷൻ കാലത്ത് പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവർക്ക് അതാവാം. ഒരു പരിഭവവും തനിക്കില്ല. മീഡിയവണിൽ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നതായും ഒ അബ്ദുറഹ്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ്താവനയുടെ പൂര്‍ണരൂപം:
മാധ്യമം പത്രാധിപർ എഴുതുന്നു:
സുഹൃത്തുക്കളെ,
‘മാധ്യമം’ ദിനപത്രം 1987 ജൂൺ ഒന്നിനാണ് പ്രസിദ്ധീകരണമാരംഭിച്ചത്. അതിനും ആറുമാസങ്ങൾക്കെങ്കിലും മുമ്പാണ് ഞാൻ ഈ പത്രത്തിന്‍റെ പണിപ്പുരയിൽ ചേരുന്നത്. പത്രം തുടങ്ങിയതു മുതൽ ഞാൻ അതിന്‍റെ എഡിറ്റർ ഇൻ ചാർജായി. 2003 മുതൽ എഡിറ്ററുമായി. ആ പദവിയിൽ 17 വർഷം പിന്നിട്ടു കഴിഞ്ഞു. പ്രായം 76.
ഇപ്പോൾ മാധ്യമം മാനേജ്മെൻറിന് അഥവാ ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റിന് എന്‍റെ ജോലി ഭാരം അൽപം കുറക്കണമെന്നും എന്നാൽ സ്ഥാപനത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു പോവരുതെന്നും തോന്നിയതിന്‍റെ ഫലമാണ് അടുത്ത ഏപ്രിൽ മുതൽ ചീഫ് എഡിറ്ററായി എന്നെ നിയമിക്കാനുള്ള തീരുമാനം. എക്സിക്യൂട്ടീവ് എഡിറ്റർ പദവി വഹിക്കുന്ന വി.എം. ഇബ്രാഹീമിനെ എഡിറ്ററാക്കാനും തീരുമാനമുണ്ട്. ഈ തീരുമാനങ്ങളുടെ മുന്നിലും പിന്നിലും മറ്റൊരു പരിഗണനയുമില്ല.
ഗോസിപ്പുകളുടെ പ്രളയകാലത്ത്, അതും ഇലക്ഷൻ കാലത്ത് പ്രചരിക്കുന്ന കഥകളിലൊക്കെ അഭിരമിക്കുന്നവർക്ക് അതാവാം. ഒരു പരിഭവവും എനിക്കില്ല. മീഡിയവണിൽ ഞാൻ തുടക്കം മുതൽ വഹിച്ചിരുന്ന പദവി ഇപ്പോഴും യഥാവിധി തുടരുന്നു. നന്ദി എല്ലാവർക്കും.- ഒ. അബ്ദുറഹ്മാൻ