'ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ഇറങ്ങിയ ആളില്ല'; കിണറ്റിലിറങ്ങാതെ അഴീക്കോട് വിജയിക്കുമെന്ന് കെ.എം ഷാജി

ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് കെ.എം ഷാജി

Update: 2021-03-27 14:30 GMT
Advertising

കിണറ്റിലിറങ്ങാതെ തന്നെ അഴീക്കോട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം ഷാജി. ആ കിണര്‍ അവിടെയുണ്ട്, ഞാനും ഇവിടെയുണ്ട്, പക്ഷേ ഇറങ്ങിയ ആളില്ല, ഇത്തവണ കിണറ്റിലിറങ്ങാതെ തന്നെ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ താനില്ലെന്നും ജയിക്കും അതാണ് തനിക്ക് പറയാനുള്ളതെന്ന് കെ.എം ഷാജി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മാധ്യമപ്രവര്‍ത്തകനുമായ എം.വി നികേഷ് കുമാര്‍ കിണറ്റിലിറങ്ങി പ്രചാരണത്തില്‍ ഏര്‍പ്പെട്ടത് വലിയ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

Full View

തെരഞ്ഞെടുപ്പ് പ്രചാരങ്ങളുടെ ഭാഗമായി നികേഷ് അവതരിപ്പിച്ചുപോരുന്ന 'ഗുഡ്‌മോര്‍ണിങ് അഴീക്കോട്' എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സ്ഥാനാര്‍ഥി കിണറ്റിലിറങ്ങിയത്. അഴീക്കോട് മണ്ഡലത്തിലെ ശുദ്ധജല ദൗര്‍ലഭ്യം പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാനും ഇതിന് താന്‍ പരിഹാരം കാണുമെന്ന് ഉറപ്പു നല്‍കാനുമായിരുന്നു നികേഷ് പരിപാടി അവതരിപ്പിച്ചത്. അഴീക്കോട് പാലോട്ട് വയലിലെ ഒരു വീടിന് സമീപമുള്ള കിണറ്റിലാണ് നികേഷ് ഇറങ്ങിയത്. ശുദ്ധജല പ്രശ്‌നത്തില്‍ നിലവിലെ എം.എല്‍.എ യാതൊരു നടപടിയുമെടുക്കാതിരുന്നതിനെ വിമര്‍ശിച്ചായിരുന്നു നികേഷിന്‍റെ വീഡിയോ. വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വലിയ രീതിയിലാണ് ട്രോളുകള്‍ക്കും പരിഹാസത്തിനും ഇരയായത്. ഇതിനെ പരിഹസിച്ചാണ് നിലവിലെ സിറ്റിംഗ് എം.എല്‍.എ കെ.എം ഷാജി ഇത്തവണയും രംഗത്തുവന്നത്.

Full View

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന അയോഗ്യതാ വിവാദങ്ങളിലും പ്ലസ് ടു കോഴ ആരോപണങ്ങളിലും കെ.എം ഷാജി മറുപടി നല്‍കി. അഞ്ച് വര്‍ഷം അയോഗ്യനാണെന്ന് പറഞ്ഞവരോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗ്യനാണെന്ന് പറഞ്ഞു. അഞ്ച് വര്‍ഷമായി എല്ലാ ആയുധങ്ങളും കൈയ്യിലുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സര്‍ക്കാരിന് ഒരു ദിവസം പോലും ജയിലിലേക്ക് പറഞ്ഞയക്കാന്‍ കഴിയാഞ്ഞത് അവരുടെ കൈയ്യില്‍ പൊട്ടാത്ത വെടിയായത് കൊണ്ടാണെന്ന് കെ.എം ഷാജി പ്രതികരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News