തൊടുപുഴ സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ കരാറുകാരന്‍റെ ആത്മഹത്യാ ശ്രമം. പണി തീർത്ത ശേഷം കൃഷി വകുപ്പ് ബില്ല് മാറി നൽകിയില്ലെന്ന് ആരോപിച്ചാണ് കരാറുകാരൻ ആത്മഹത്യ ഭീക്ഷണി മുഴക്കിയത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച കരാറുകാരനെ ഒരു മണിക്കൂറിന് ശേഷം ഫയർ ഫോഴ്‌സ് ബലപ്രയോഗതിലൂടെ കീഴ്പ്പെടുത്തി.
കൃഷി വകുപ്പിന്‍റെ കോട്ടക്കുളത്തെ പൊതുകിണർ നിർമാണം കരാർ എടുത്ത അടിമാലി സ്വദേശി സുരേഷ് ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. 25 ലക്ഷം രൂപയുടെ പണി പൂർത്തിയാക്കി എട്ടുമാസം കഴിഞ്ഞും ബിൽ പാസാക്കി നൽകിയില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പണം ഉടനെ നൽകിയില്ലെങ്കിൽ തീ കൊളുത്തി മരിക്കുമെന്നും സുരേഷ് ഭീക്ഷണി മുഴക്കി. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ മുറിയിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് കയ്യിൽ ലാമ്പുമായി നിന്ന സുരേഷ് ഒരു മണിക്കൂറോളം ഓഫീസിലുള്ളവരെ പരിഭ്രാന്തിയിലാക്കി. ഒടുവിൽ തൊടുപുഴ പൊലീസും ഫയർഫോഴ്‌സും എത്തി ഇയാളെ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തുകയായിരുന്നു.
സുരേഷിന് കരാർ തുകയുടെ 70 ശതമാനം നൽകാൻ നടപടി ആയതാണെന്നും കരാറുകാരന്‍റെ എല്ലാ വാദങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. വിഷയം പഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ആത്മഹത്യ ശ്രമത്തിന് കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.