ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ എന്ന് വ്യാജ വാര്‍ത്ത; നിയമ നടപടിക്കൊരുങ്ങി കുടുംബം

വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് ബിജെപിയില്‍ അംഗമായെന്ന വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം

Update: 2021-03-30 13:21 GMT
Advertising

മുസ്‍ലിം ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിന്‍റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വ്യാജവാര്‍ത്തക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. മുഹമ്മദ് കണ്ണിന്‍റെ മകന്‍ ഹബീബ് റഹ്മാൻ ബിജെപിയില്‍ എന്ന പേരില്‍ ജന്മഭൂമിയിലാണ് വാര്‍ത്ത വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിച്ച ചിത്രമാണ് ബിജെപിയില്‍ അംഗമായെന്ന വ്യാജപ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ഹബീബിന്റെ കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ ഹബീബിന്‍റെ വീട്ടിലെത്തിയത്. സ്വകാര്യ സംഭാഷണത്തിന് ശേഷം മടങ്ങും മുമ്പ് ഒരു ഷോള്‍ കുമ്മനം ഹബീബിനെ അണിയിച്ചു. ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. ഇതാണ് ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയായി നല്‍കിയത്. വീട്ടിലെത്തിയ ആളെ സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും തങ്ങള്‍ യുഡിഎഫ് അനുഭാവികളാണെന്നും ഹബീബിന്‍റെ മകന്‍ ജുനൈദ് വ്യക്തമാക്കി.

വ്യാജവാര്‍ത്തക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നീങ്ങാനാണ് കുടുംബത്തിന്‍റെ തീരുമാനം. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ മൂന്ന് തവണ പ്രതിനിധീകരിച്ച വ്യക്തിയാണ് പിഎപി മുഹമ്മദ് കണ്ണ്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News