സിപിഎം നേതാക്കളുടെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിറകിലേറിയായിരുന്നു ഇടത് മുന്നണിയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം.

Update: 2021-03-31 01:32 GMT
Advertising

മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം അവസാനിച്ചതോടെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നു. ഗൃഹസന്ദര്‍ശന പരിപാടികളില്‍ കേന്ദ്രീകരിക്കാനാണ് ഇനി സിപിഎം തീരുമാനം. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ മുതല്‍ പ്രതിപക്ഷം അരി വിതരണം മുടക്കിയത് വരെ ഉയര്‍ത്തിയാണ് ഇതുവരെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിറകിലേറിയായിരുന്നു ഇടത് മുന്നണിയുടെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം. ഓരോ ദിവസവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ രാവിലെ നടക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ തുടക്കം. പിന്നീട് പല ദിവസങ്ങളിലായി വിഷയങ്ങള്‍ മാറി മാറി വന്നു. ശബരിമല ഉയര്‍ന്ന് വന്നപ്പോഴെല്ലാം അതീവ ജാഗ്രതയോടെയുള്ള മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്ന് പുറത്ത് വന്നത്.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു സര്‍ക്കാര്‍ പ്രതിരോധം. കോണ്‍ഗ്രസ് ബിജെപി ബന്ധം ആരോപിച്ചും, സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രി പ്രതിപക്ഷത്തെ നേരിട്ടു. ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷം വെട്ടിലായെന്ന വിലയിരുത്തല്‍ സര്‍ക്കാരിനും മുന്നണിക്കുമുണ്ട്. ഒടുവില്‍, അരി വിതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നാരോപണം ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രി പ്രചരണം. സാധാരണക്കാരെ ബാധിക്കുന്ന വിഷയമായത് കൊണ്ട് അതില്‍ ഊന്നിയുള്ള പ്രചരണത്തിന് പിണറായി വിജയന്‍ പ്രത്യേകം ശ്രദ്ധയും നല്‍കി.

എന്നാല്‍ പോളിംഗിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൂടുതല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിന്‍റെ സൂചനയാണ് പ്രതിപക്ഷം ബോംബ് പൊട്ടിക്കാന്‍ കാത്തിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷം ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തിലും നടക്കുന്നുണ്ടെന്നാണ് വിവരം.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News