വികസന വിരോധികള്‍ എല്‍.ഡി.എഫിനെതിരെ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി
ഇടത് മുന്നണിക്കെതിരെ വികസന വിരോധികൾ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തനങ്ങളെ താരമത്യം ചെയ്യാന്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിച്ചു. വാചകമടി വ്യവസായമല്ലാതെ മറ്റൊരു വ്യവസായവും കേരളത്തിൽ ഇല്ലെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. വികസന വിരോധി എന്നത് സി.പി.എമ്മിന് സ്വയം ചാർത്താവുന്ന പട്ടമാണെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വികസനം ചര്‍ച്ചയാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. വികസനത്തിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് - എല്‍.ഡി.എഫ് സര്‍ക്കാരുകളെ വിലയിരുത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറുണ്ടോയെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ ചോദിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ഒരു വികസന പദ്ധതിയുമില്ലെന്നും അത് നടത്തിയിട്ട് വേണം മുഖ്യമന്ത്രി വെല്ലുവിളിക്കാനെന്നും പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. വികസന വിരോധികൾ ആരെന്ന് ചരിത്രം പരിശോധിച്ചാൽ അറിയാമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
കേരളത്തിലെത്തുന്ന മോദിയും രാഹുലും പ്രിയങ്കയും ഇടത് സര്‍ക്കാരിനെ കുറിച്ച് തെറ്റ്ധാരണകള്‍ പരത്തുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു.