ഇടതു മുന്നണിക്ക് വികസനം, ഇരട്ടവോട്ടും ആഴക്കടലുമായി പ്രതിപക്ഷം, സ്വർണക്കടത്തുമായി ബിജെപി; പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക്
തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ.
തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ. വികസനവും, പ്രതിപക്ഷം അരി മുടക്കിയെന്ന ആരോപണവും ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ഇരട്ടവോട്ടും, ആഴക്കടല്‍ മത്സ്യബന്ധനവിവാദവും ഉയർത്തിയാണ് സർക്കാരിനെ പ്രതിപക്ഷം നേരിടുന്നത്. പ്രധാനമന്ത്രിയെ ഇറക്കി സ്വര്‍ണക്കടത്ത് അടക്കമുള്ള കാര്യങ്ങള്‍ പ്രചരണവിഷയമാക്കാനാണ് ബിജെപി തീരുമാനം.
ഞായറാഴ്ച വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കുന്നത് കൊണ്ട് ഓരോ വോട്ടും ഉറപ്പിക്കാനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ് മുന്നണികള്‍. വീടുകള്‍ കയറി വോട്ട് ഉറപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. വിജയി ആര് എന്ന് ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയാത്ത തരത്തിലേക്ക് പ്രചരണം എത്തി നില്‍ക്കുകയാണ്.
സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രചരണം നടത്തിയത്. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളെ വികസന കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോയെന്ന ചോദ്യമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. സൌജന്യകിറ്റ് വിതരണം പ്രതിപക്ഷം മുടക്കാന്‍ ശ്രമിച്ചുവെന്ന പ്രചരണവും ഇടത് മുന്നണി മണ്ഡലങ്ങളില്‍ അഴിച്ച് വിടുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഇരട്ട വോട്ടിന്‍റെ പേരില്‍ പ്രതിപക്ഷനേതാവ് ഡാറ്റാ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ എത്തി നില്‍ക്കുകയാണ് എല്‍ഡിഎഫ് പ്രചരണ വിഷയം.
അതേസമയം നിരവധി വിഷയങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷം ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലും, ഇരട്ടവോട്ടിലും ഊന്നിയാണ് കഴിഞ്ഞ ദിവസം പ്രചരണം നടത്തിയത്. ഡാറ്റാ ചോര്‍ച്ച ഉയര്‍ത്തുന്ന ഭരണപക്ഷത്തെ സ്പ്രിന്‍ക്ളര്‍ ഓര്‍മപ്പെടുത്തിയാണ് പ്രതിപക്ഷത്തിന്‍റെ മറുപടി. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. പ്രധാനമന്ത്രിയെ ഇറക്കി വോട്ട് തങ്ങള്‍ക്കനൂലമാക്കാനാണ് ഈ മണ്ഡലങ്ങളില്‍ ബിജെപിയുടെ ശ്രമം. വിശ്വാസവും സ്വര്‍ണക്കടത്തുമെല്ലാം പ്രധാനമന്ത്രിയുടെ വരവോടെ വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ നീക്കം.