സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചത് 258 കുട്ടികള്‍
മലപ്പുറം ജില്ലയിൽമാത്രം 53 കുട്ടികൾ മുങ്ങി മരിച്ചു
പാലക്കാട്: 258 കുട്ടികളാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം മുങ്ങി മരിച്ചത്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ അപകടങ്ങൾ നടന്നതെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ തെളിയിക്കുന്നു. മലപ്പുറം ജില്ലയിൽമാത്രം 53 കുട്ടികൾ മുങ്ങി മരിച്ചു. നീന്തൽ പരിശീലനം വ്യാപിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
2022 ൽ മാത്രം 18 വയസിൽ താഴെയുള്ള 258 കുട്ടികൾ മുങ്ങിമരിച്ചു എന്നാണ് രേഖകൾ തെളിയിക്കുന്നത്. ഇതിൽ 221 ആൺകുട്ടികളും 37 പെൺകുട്ടികളുമാണ് ഉള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത്. 53 കുട്ടികൾ മരിച്ചു. നഗരങ്ങളിലുളളവർ പൊതുജലാശയങ്ങൾ കുളിക്കാനായി ഉപയോഗിക്കുന്നത് കുറവായതിനാൽ അപകടവും കുറവാണ്. തിരുവനന്തപുരം സിറ്റിയിൽ 3 കുട്ടികളാണ് മുങ്ങിമരിച്ചത്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ 14 കുട്ടികൾ മരിച്ചു. എറണാകുളം സിറ്റിയിൽ 9 കുട്ടികളും ഗ്രാമങ്ങളിൽ 17 കുട്ടികളും മരിച്ചു.
നീന്തൽ പരിശീലനം വ്യാപകമായാൽ അപകടങ്ങൾ കുറക്കാം. നീന്തൽ സ്കൂളിലെ പഠന വിഷയമാക്കണമെന്ന് വെള്ളത്തിൽ വീണ് മരിച്ച കുട്ടികളുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നു. കായലും തീരപ്രദേശങ്ങളും കൂടുതലുള്ള ആലപ്പുഴയിൽ 16 കുട്ടികളാണ് മുങ്ങി മരിച്ചത്. കുളം , പുഴ എന്നിവിടങ്ങളിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് കൂടുതൽ അപകടങ്ങളിൽ പെട്ടിരിക്കുന്നത്. അപകടം ഭയന്ന് ജലാശയങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തുന്നതിന് പകരം സ്കൂളുകളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ ക്ലബ്ബുകളും ചേർന്ന് ശാസ്ത്രീയമായ നീന്തൽ പരിശീലനം നൽക്കുകയാണ് വേണ്ടത്.