40 തൊഴിലാളികൾ, ഏഴ് ദിവസം; ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ഇൻഡോറിൽ നിന്ന് കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് ഡ്രില്ലിങ് പ്രവർത്തനം വേഗത്തിലാക്കാൻ ശ്രമം. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കുമെന്നാണ് സൂചന.
Update: 2023-11-18 03:09 GMT
ഉത്തരകാശി: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഏഴാം ദിവസത്തിലേക്ക്. ഇൻഡോറിൽ നിന്ന് കൂടുതൽ യന്ത്രങ്ങൾ ഇന്ന് എത്തിച്ച് ഡ്രില്ലിങ് പ്രവർത്തനം വേഗത്തിലാക്കാനാണ് ശ്രമം. 25 മീറ്ററാണ് യു.എസ് നിര്‍മിത യന്ത്രങ്ങളുപയോഗിച്ച് ഇതുവരെ ഡ്രില്ല് ചെയ്തത്. 45 മീറ്ററോളം ഇനിയും ഡ്രില്ല് ചെയ്യാനുണ്ട്. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കുമെന്നാണ് സൂചന.
തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഡ്രില്ല് ചെയ്യുന്നതോടെ രൂപപ്പെടുന്ന ദ്വാരത്തിലൂടെ 90 സെന്‍റി മീറ്റര്‍ വ്യാസമുള്ള സ്റ്റീല്‍ പൈപ്പ് കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. ഇടയ്ക്ക് മണ്ണിടിയുന്നതും രക്ഷപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.