റാങ്ക് ലിസ്റ്റിലെ 65 ശതമാനം പേരും കെഎഎസ് മെന്‍ററില്‍ നിന്നും; നേട്ടം കൊയ്ത് യുവാക്കളുടെ സ്ഥാപനം
മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്ന ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ സംരംഭമാണ് കെഎഎസ് മെന്‍റര്‍ അക്കാദമി.
കെഎഎസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വലിയ നേട്ടം കൊയ്തത് തിരുവനന്തപുരത്തെ കെഎഎസ് മെന്റര്‍ കോച്ചിംഗ് സെന്‍ററാണ്. പ്രഖ്യാപിച്ച ലിസ്റ്റിലെ 65 ശതമാനം പേരും കെഎഎസ് മെന്‍ററിന്റെ ഭാഗമായവരാണ്. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുത്തിരുന്ന ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഒരുക്കിയ സംരംഭമാണ് കെഎഎസ് മെന്‍റര്‍ അക്കാദമി.
തിരുവനന്തപുരം സ്വദേശികളായ അരുണും കിരണും നിതിനും അടുത്ത സുഹൃത്തുക്കളാണ്. മൂവരും സിവില്‍ സര്‍വീസിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കാലത്ത് സംസ്ഥാനത്ത് കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് എന്ന പേരില്‍ പുതിയൊരു പരീക്ഷ വരാന്‍ പോകുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നു. അവിടെ തുടങ്ങുന്നു കെഎഎസ് മെന്റര്‍ എന്ന സ്ഥാപനത്തിന്റെ കഥ.
ഇപ്പോള്‍ പുറത്തുവന്ന 207 പേരുടെ റാങ്ക് ലിസ്റ്റില്‍ 137 പേരും കെഎഎസ് മെന്ററുകാരാണ്. 4 വര്‍ഷം മാത്രം പ്രായമുള്ള ഈ മേഖലയില്‍ ഇന്നും ബാല്യം വിട്ടുമാറാത്ത കെഎഎസ് മെന്റര്‍ എന്ന സ്ഥാപനത്തിന്റെ നേട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഇന്നുവരെയും പിന്തുടര്‍ന്നുവന്ന മത്സരപരീക്ഷാ പഠന രീതികളെ പൂര്‍ണമായും പൊളിച്ചെഴുതിക്കൊണ്ടുള്ള പാഠ്യ പദ്ധതിയാണ് തങ്ങളുടെ ഈ നേട്ടത്തിന് പിന്നിലെന്ന് സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന അരുണ്‍ പറയുന്നു.
കൃത്യതയോടും ചിട്ടയോടും കൂടിയ പഠനരീതി തന്നെയാണ് കെഎഎസ് മെന്ററിന്റെ വിജയമന്ത്രം. ഒരുകൂട്ടം ഉദ്യോഗാര്‍ഥികളായ യുവാക്കള്‍ ചേര്‍ന്ന് നടത്തുന്നു എന്ന പ്രത്യേകത കൂടി ഈ സ്ഥാപനത്തിനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇതുവരെ 2000ത്തില്‍ അധികം ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തിന്റെ ഭാഗമായി. കെഎഎസ് പരീക്ഷാ പഠനത്തിനൊപ്പം വിവിധ ഡിഗ്രി തല മത്സരപരീക്ഷകള്‍ക്കും യുജിസി നെറ്റ് പരീക്ഷയ്ക്കും വേണ്ടിയുള്ള ക്ലാസുകളും സ്ഥാപനത്തിന്റെ ഭാഗമാണ്.