ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടർ സർവീസിൽ തുടരുന്നു

ഭരണാനുകൂല സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് കെ.ജിഎം.ഒ.എ മുൻ ജില്ലാ പ്രസിഡന്റായ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം

Update: 2024-02-04 07:40 GMT
Advertising

വയനാട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ കോടതി ശിക്ഷിച്ച സർക്കാർ ഡോക്ടർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. വയനാട് മെഡിക്കൽ കോളജിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് ഇപ്പോഴും സർവീസിൽ തുടരുന്നതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ക്യാമ്പിന് നേതൃത്വം നൽകിയതും ഇതേ ഡോക്ടറായിരുന്നു.

വയനാട് മെഡിക്കൽ കോളജിലെ മനോരോഗ വിദഗ്ധൻ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെ കഴിഞ്ഞദിവസമാണ് കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലൈംഗികാതിക്രമ കേസിൽ ശിക്ഷിച്ചത്. എന്നാൽ, വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ സർവീസിൽ നിന്ന് മാറ്റി നിർത്താനോ വകുപ്പുതല നടപടിയെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല. അതിനിടെ, വൈത്തിരി ബി.ആർ.സിയുടെ നേതൃത്വത്തിൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടക്കുന്ന ജില്ലയിലെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ക്യാമ്പിന് നേതൃത്വം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയതും ഇയാളെയായിരുന്നു. ഭരണാനുകൂല സംഘടനകളുടെ അകമഴിഞ്ഞ പിന്തുണയാണ് കെ.ജിഎം.ഒ.എ മുൻ ജില്ലാ പ്രസിഡണ്ടായ പ്രതിക്ക് തുണയാകുന്നത് എന്നാണ് ആരോപണം.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയോടും കുടുംബത്തോടും കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തെ സ്വകാര്യ ക്ലിനിക്കിലേക്കെത്താൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, പ്രതിക്ക് രണ്ടു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് ഒരു മാസം സമയം അനുവദിച്ച കോടതി ഉത്തരവിന്റെ സാങ്കേതികത്വം മറയാക്കിയാണ് അധികൃതർ പ്രതിയെ സർവീസിൽ തുടരാൻ അനുവദിക്കുന്നത്. ഇതിനെതിരെ വരും ദിവസങ്ങളിൽ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് വിവിധ വനിതാ, യുവജന സംഘടനകൾ.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News