ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച കേസ്; യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിങ് ഓഫീസർക്ക് ഭീഷണിയെന്ന് പരാതി
പ്രതിയായ ശശീന്ദ്രന് എതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെ സമ്മർദം ചെലുത്തിയ അഞ്ച് പേർ ഒളിവിലാണെന്ന് പൊലീസ്
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിങ് ഓഫീസർക്ക് ഭീഷണിയെന്ന് പരാതി. സസ്പെൻറ് ചെയ്യുമെന്ന് ഭരണാനുകൂല സർവീസ് സംഘടനയുടെ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു . പ്രതിയായ ശശീന്ദ്രന് എതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതിയെ സമ്മർദം ചെലുത്തിയ അഞ്ച് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കനുകൂലമായ നിലപാടാണ് സീനിയർ നഴ്സിങ് ഓഫീസർ സ്വീകരിച്ചത്. യുവതിയുടെ വസ്ത്രം സ്ഥാനം മാറികിടക്കുന്നത് കണ്ട് അറ്റൻറർ ശശീന്ദ്രനോട് ചോദിച്ചപ്പോൾ യൂറിൻ ബാഗ് ഉണ്ടോ എന്ന് പരിശോധിച്ചതാണെന്നാണ് മറുപടി നൽകിയതെന്നാണ് നഴ്സിന്‍റെ മൊഴി. തൈറോയ്ഡ് രോഗിക്ക് യൂറിൻ ബാഗ് ആവശ്യമില്ലല്ലോ എന്ന് പറഞ്ഞ് അറ്റൻററോട് കയർത്തതായും ഇവരുടെ മൊഴിയിലുണ്ട്. കേസിൽ നിർണായകമാണ് ഇവരുടെ മൊഴി. ഇതിനെ തുടർന്ന് ഭീഷണിപ്പെടുത്തുന്നു എന്നാണ് സൂപ്രണ്ടിന് നൽകിയ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതായും പരാതിയിൽ പറയുന്നു.
ഗ്രേഡ് ഒന്ന് അറ്റൻറർമാരായ ആസിയ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻറർമാരായ പി ഇ ഷൈമ , ഷനൂജ, നഴ്സിങ് അസിസ്റ്റൻറ് പ്രസീദ എന്നിവർക്കെതിരെയാണ് കേസ്. ഇവർ അഞ്ചുപേരും സസ്പെൻഷനിലാണ് . ഇന്നലെ രാത്രി അഞ്ച്പേരുടെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു. മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരി ദീപക്കെതിരെ കേസെടുത്തിട്ടില്ല.