സ്വപ്‌നക്കെതിരെ കെ.ടി ജലീൽ നൽകിയ പരാതി അന്വേഷിക്കാൻ എസ്.പി ഉൾപ്പെടെ വൻ സംഘം
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ നടപടികള്‍ ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസന്വേഷണത്തിനുള്ള പ്രത്യേക സംഘമായി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി എസ് മധുസൂദനൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ശെയ്ഖ് ദർവേശ് സാഹിബ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കെ.ടി ജലീലിന്‍റെ പരാതിയിലാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ നടപടികള്‍ ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.സി ജോര്‍ജ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം.. ഗൂഢാലോചന, കലാപ ശ്രമം എന്നിവയിൽ ശക്തമായ തെളിവു ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങും. ഗൂഢാലോചന കേസ് നിലനില്‍ക്കുമോയെന്ന വാദം ഉയരുന്നുണ്ടെങ്കിലും പൊലീസിന് ഇക്കാര്യത്തില്‍ സംശയമില്ല.
അതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത പി.എസ് സരിത്തിന്‍റെ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. സ്വപ്ന പ്രതിയായ വ്യാജ ബിരുദ കേസിലും അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം. അന്തിമ തെളിവെടുപ്പിനായി അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകും. രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.