കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു
സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. കോട്ടയം കിളിരൂർ സ്വദേശി രശ്മിയാണ്(33) മരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂയെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ നിന്ന് രണ്ടുദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ച് പൂട്ടിയിരുന്നു. ആരോഗ്യനില മോശമായ രശ്മി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് രശ്മിയെ വെന്റിലറേറ്ററിലേക്ക് മാറ്റുകയും ചെയ്തു. മെഡിക്കൽ കോളേജ് ജീവനക്കാരി കൂടിയാണ് രശ്മി. പോസ്റ്റുമോർട്ട നടപടികൾക്ക് വേണ്ടി മൃതദേഹം മാറ്റിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ മറ്റു ചിലർ കിംസ്, കാരിത്താസ് എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്. വയറിളക്കവും ഛർദിയും അടക്കമുള്ള അസുഖങ്ങൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടലിനെതിരെ നടപടിയെടുത്തത്.