കെപിസിസി പുനഃസംഘടന; തിരക്കിട്ട ചർച്ചകളുമായി കെ.സുധാകരൻ, ആന്‍റണിയെയും ചെന്നിത്തലയെയും കണ്ടു

കൂടിക്കാഴ്ചകളിൽ പുനഃസംഘടന ചർച്ചയായെന്നാണ് വിവരം

Update: 2024-12-19 02:21 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഇന്നലെ രാത്രി മുതിർന്ന നേതാക്കളായ എ.കെ ആന്‍റണിയെയും രമേശ്‌ ചെന്നിത്തലയെയും വീടുകളിലെത്തി സുധാകരൻ കണ്ടു. കൂടിക്കാഴ്ചകളിൽ പുനഃസംഘടന ചർച്ചയായെന്നാണ് വിവരം.

കെപിസിസി പ്രസിഡന്‍റ് മാറിയാൽ പ്രതിപക്ഷ നേതാവും മാറണമെന്ന് സുധാകരൻ വിഭാഗം നിലപാടെടുത്തതോടെ വഴിമുട്ടിയ പുനഃസംഘടനാ ചർച്ചകൾക്ക് കോൺഗ്രസിൽ വീണ്ടും ജീവൻ വെച്ചു. മുൻകൂട്ടി നിശ്ചയിക്കാത്ത, എന്നാൽ ഏറെ നേരം നീണ്ടുനിന്ന കൂടിക്കാഴ്ചകളാണ് ഇന്നലെ രാത്രി സുധാകരൻ നടത്തിയത്. ആദ്യം രമേശ്‌ ചെന്നിത്തലയുടെ വീട്ടിൽ. തുടർന്ന് എ.കെ ആന്‍റണിയുടെ വീട്ടിലേക്ക്. ഇരുവരുമായും നടന്ന കൂടിക്കാഴ്ചകളിൽ പുനഃസംഘടന ചർച്ചയായെന്നാണ് വിവരം. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് മാറ്റമുണ്ടാവണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോൾ, അത് വേണ്ടെന്ന നിലപാടിലാണ് സുധാകരപക്ഷത്തെ നേതാക്കളുടെ നിലപാട്. അങ്ങനെ മാറ്റം വേണമെങ്കിൽ പ്രതിപക്ഷ നേതാവ് കൂടി മാറട്ടെ എന്നാണ് അവർ പറയുന്നത്. ഇതിനിടെയാണ് പിന്തുണ തേടി മുതിർന്ന നേതാക്കളുടെ അടുത്ത് തന്നെ സുധാകരനെത്തിയത്.

പ്രസിഡന്‍റ് മാറാതെ കെപിസിസിയിൽ നിലവിലുള്ള ജംബോ പട്ടിക പുനഃസംഘടിപ്പിക്കാനും സുധാകരൻ നീങ്ങുന്നുണ്ട്. കൂടാതെ ഡി.സി.സികളും പുനഃസംഘടിപ്പിക്കും. ഇതിൽ കൃത്യമായ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യവും. ഇക്കാര്യവും ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. കഴിഞ്ഞ ബ്ലോക്ക്‌ പുനഃസംഘടനയിൽ ഉയർന്നുകേട്ടത് പോലെ പരാതികൾ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് സുധാകരന്‍റെ ശ്രമം. എന്നാൽ മാറ്റം പ്രസിഡന്‍റ് സ്ഥാനത്തും വേണമെന്ന നിലപാടിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെല്ലും അയഞ്ഞിട്ടില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News