സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ
ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിൽ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്
എറണാകുളം: എറണാകുളത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവിനെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത് . ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിൽ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. നടേശന്‍റെ മരുമകളുടെ പത്തു പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം അമല്‍ദേവ് നടേശന്‍റെ വീട്ടില്‍ പോയിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണം നഷ്ടമാവുകയായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണമെടുത്തതായി അമല്‍ദേവ് സമ്മതിച്ചിട്ടുണ്ട്. 10 പവന്‍ സ്വര്‍ണവും പൊലീസ് വീണ്ടെടുത്തു. അമലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പായി. മോഷണക്കേസിൽ പരാതിയില്ലെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് കാഞ്ഞിരപ്പളളിയിലെ ഒരു ഫ്രൂട്ട്സ് കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മാങ്ങാ മോഷ്ടിച്ചത്. സിസി ടിവിയിൽ കുടുങ്ങിയ ഉദ്യോഗസ്ഥൻ ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ഷിഹാബാണെന്ന് തുടർന്ന് കണ്ടെത്തി. കട ഉടമ പരാതി നല്‍കിയില്ലെങ്കിലും കാഞ്ഞിരപ്പള്ളി പൊലീസ് കേസ് എടുത്തു. കൂടാതെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ഒളിവിൽ പോയ പൊലീസ് ഉദ്യോഗസ്ഥന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് പരാതിയില്ലെന്ന് കടയുടമ കോടതിയെ അറിയിച്ചത്. കേസ് പിൻവലിക്കണമെന്നും കടയുടമ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.