കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സമരം: പിന്തുണയുമായെത്തിയ ആഷിഖ് അബുവിനെയും അമൽ നീരദിനെയും പൊലീസ് തടഞ്ഞു
പുറത്തുനിന്ന് എത്തുന്നവരെ അകത്ത് പ്രവേശിപ്പിക്കരുതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പുതിയ ഉത്തരവിറക്കിയിട്ടുണ്ട്
കോട്ടയം: കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകാനെത്തിയ ചലച്ചിത്ര പ്രവർത്തകരെ പൊലീസ് തടഞ്ഞു. സംവിധായകരായ ആഷിഖ് അബു, അമൽ നീരദ് അടക്കമുള്ളവരെയാണ് തടഞ്ഞത്. പുറത്തുനിന്ന് എത്തുന്നവരെ കോളജിൽ പ്രവേശിപ്പിക്കരുതെത് ഡയരക്ടർ പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
39 ദിവസം പിന്നിട്ട സമരത്തിന് ചലച്ചിത്ര പ്രവർത്തകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. പൂർവവിദ്യാർത്ഥികളും ഗസ്റ്റ് ലക്ചറുമാരായി എത്തിയവരുമടക്കം നിരവധി ചലച്ചിത്ര പ്രവർത്തകർ വിദ്യാർത്ഥികളെ കാണാനെത്തുന്നുണ്ട്. എന്നാൽ, കോളജിൽ ഇവരെയാരെയും പ്രവേശിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ഇതിനിടെയാണ് ആഷിഖ് അബുവും അമൽ നീരദും സ്ഥാപനത്തിലെത്തിയത്. എന്നാല്‍, ഇവരെ പൊലീസ് കവാടത്തിന് മുന്നിൽ തടയുകയായിരുന്നു.
ഇതിനിടെയാണ് പുറത്തുനിന്ന് എത്തുന്നവരെ അകത്ത് പ്രവേശിപ്പിക്കരുതെന്ന് ഡയരക്ടർ പുതിയ ഉത്തരവിറക്കിയത്. ഇതിൽ താൽപര്യമില്ലാത്ത ജീവനക്കാരെയും തടയണമെന്നുണ്ട്. സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികൾ മാത്രമാണ് ഇപ്പോൾ കാംപസിലുള്ളത്. ഇവർക്ക് ഇവിടെ തുടരാൻ കലക്ടർ അനുമതി നൽകിയിട്ടുമുണ്ട്. എന്നാൽ, ഇവരെയും അകത്തേക്കും പുറത്തേക്കും പോകാൻ അനുവദിക്കാത്ത അവസ്ഥയുണ്ട്. അതിനിടെ, വിദ്യാർത്ഥികളുടെ പ്രശ്‌നത്തിൽ തെളിവെടുപ്പുകൾ പൂർത്തിയായെങ്കിലും നടപടിയെടുക്കാൻ സർക്കാർ തയാറായിട്ടില്ല.
Summary: Filmmakers including Aashiq Abu and Amal Neerad who came to support the protesting students at KR Narayanan Film Institute, Kottayam, were stopped by the police.