മഅ്ദനിയുടെ കേരളയാത്രയുടെ സംരക്ഷണവും ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുക്കണം-മുസ്‌ലിം ജമാഅത്ത് കൗൺസിൽ
'നീണ്ട 20 വർഷക്കാലം ജയിൽവാസവും കേസും കോടതിയുമായി സാമ്പത്തികമായി ഏറെ ചെലവും നഷ്ടവും സഹിച്ച് കഴിയുന്ന ഒരു വ്യക്തിയെ വ്യക്തിപരമായും മാനസികമായും തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കർണാടക സർക്കാർ താങ്ങാൻ പറ്റാത്ത ഭാരം ചുമത്തിയിരിക്കുന്നത്.'
കൊച്ചി: മഅ്ദനിയെ നാട്ടിലെത്തിക്കാനായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുസ്‌ലിം ജമാഅത്ത് കൗൺസിൽ. സുപ്രിംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവുചെയ്തിട്ടും കർണാടക സർക്കാർ മനുഷ്യത്വവിരുദ്ധമായ സമീപനം തുടരുകയാണ്. ഈ സാഹചര്യത്തിൽ മഅ്ദനിയുടെ പൂർണമായ സംരക്ഷണവും ചെലവും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ വിഷയത്തിന് പരിഹാരം കാണണമെന്ന് കൗൺസിൽ നേതാക്കൾ കത്തുമുഖേന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഏതൊരു പൗരനും നൽകേണ്ട മനുഷ്യാവകാശം പല സമയങ്ങളിലും മഅ്ദനിക്ക് മാത്രം നിഷേധിക്കപ്പെടുന്നു. മുൻപും സമാനമായ കേസിൽ ആരോപണവിധേയനായി നീണ്ട 10 വർഷക്കാലം ജാമ്യം പോലും നൽകാതെ ജയിലിൽ അടച്ചിരുന്നു. ഇതിനുശേഷവും 10 വർഷക്കാലം ജയിൽവാസം അനുഭവിച്ചതിനാൽ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കുകയാണ്. ഇതിനാൽ നാട്ടിൽ വന്നുനിന്ന് വിദഗ്ധ ചികിത്സ നടത്തൽ അത്യാവശ്യമാണെന്ന് കത്തിൽ പറഞ്ഞു.
ഈ വിഷയങ്ങൾ കാണിച്ച് സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ചികിത്സയ്ക്കും പിതാവിനെ കാണാനുമായി മൂന്നുമാസത്തേക്ക് നാട്ടിൽ പോകാൻ മുൻപ് നൽകിയ ജാമ്യത്തിൽ ഇളവ് നൽകിയിരിക്കുകയാണ്. നീണ്ട 20 വർഷക്കാലം ജയിൽവാസവും കേസും കോടതിയുമായി സാമ്പത്തികമായി വളരെയധികം ചെലവുകളും നഷ്ടങ്ങളും സഹിച്ച് കഴിയുന്ന ഒരു വ്യക്തിയെ വ്യക്തിപരമായും മാനസികമായും തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ താങ്ങാൻ പറ്റാത്ത ഭാരമാണ് കർണാടക സർക്കാർ ചുമത്തിയിരിക്കുന്നത്. ഇരുപതോളം ഉദ്യോഗസ്ഥരും അവരുടെ മൂന്നു മാസത്തെ സകല ചെലവും ശമ്പളം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കെട്ടിവച്ചാൽ മാത്രമേ അദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള അനുമതി നൽകൂവെന്ന ഒട്ടും മനുഷ്യത്വമില്ലാത്ത സമീപനമാണ് കർണാടക ഗവൺമെന്റ് എടുത്തിരിക്കുന്നത്. നീതി നിഷേധിക്കപ്പെടുന്ന കേരളത്തിലെ ഒരു പൗരൻ എന്ന നിലയ്ക്ക് മഅ്ദനി മാനുഷിക പരിഗണനയ്ക്ക് അർഹനാണെന്നും മുസ്‌ലിം ജമാഅത്ത് കൗൺസിൽ നേതാക്കളായ അഡ്വ. കെ.എ ഹസ്സൻ, എം.എച്ച് സുധീർ, യാക്കൂബ് എലാംകോട് എന്നിവർ കത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം
കേരളത്തിലെ പ്രമുഖ ഇസ്‌ലാം മതപണ്ഡിതനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ നാസർ മഅ്ദനി ബാംഗ്ലൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായി കഴിഞ്ഞ ഒൻപതു വർഷത്തിൽ കൂടുതലായി വിചാരണാതടവുകാരനായി ജയിലിലും, കുറച്ചു ദിവസങ്ങളായി ബാംഗ്ലൂർ വിട്ട് പുറത്തുപോകാൻ പാടില്ലെന്ന വ്യവസ്ഥയിൽ ജാമ്യത്തിലുമാണ്.
ഏതൊരു പൗരനും നൽകേണ്ട മനുഷ്യാവകാശം പല സമയങ്ങളിലും മഅ്ദനിക്ക് മാത്രം നിഷേധിക്കപ്പെടുന്നു. രോഗശയ്യയിൽ കഴിയുന്ന വൃദ്ധനായ അദ്ദേഹത്തിന്റെ പിതാവിനെ ഒരു നോക്കു കാണാനും, മഅ്ദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിക്ക് മുമ്പും സമാനമായ കേസിൽ ആരോപണ വിധേയനായി നീണ്ട 10 വർഷക്കാലം ജാമ്യം പോലും നൽകാതെ ജയിലിൽ അടച്ചിരുന്നു. ഇപ്പോഴും 10 വർഷക്കാലം ജയിൽവാസം അനുഭവിച്ചത് കാരണത്താൽ അദ്ദേഹത്തിന് ആരോഗ്യത്തിന് ഒരുപാട് ക്ഷീണങ്ങൾ സംഭവിച്ചിട്ടുണ്ട്. ആയതിനാൽ അദ്ദേഹത്തിന്റെ നാട്ടിൽ വന്നുനിന്നു വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.
ഈ വിഷയങ്ങൾ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട സുപ്രിംകോടതിയെ അദ്ദേഹം സമീപിച്ചിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പിതാവിനെ കാണാനും, അദ്ദേഹത്തിന്റെ ചികിത്സയ്ക്കുമായി മൂന്നുമാസത്തേക്ക് നാട്ടിൽ പോകാൻ മുമ്പ് നൽകിയ ജാമ്യത്തിൽ ഇളവ് നൽകുകയുണ്ടായി. എന്നാൽ നിരന്തരമായി കർണാടക ഗവൺമെന്റ് അദ്ദേഹത്തെ വ്യക്തിപരമായും മാനസികമായും തകർക്കുക എന്ന ഉദ്ദേശ്യത്തോടെ നീണ്ട 20 വർഷക്കാലം ജയിൽവാസവും കേസും കോടതിയുമായി സാമ്പത്തികമായി വളരെയധികം ചെലവുകളും നഷ്ടങ്ങളും സഹിച്ച് കഴിയുന്ന ഒരു വ്യക്തിക്ക് താങ്ങാൻ പറ്റാത്ത അത്ര ഭാരം ഏൽപ്പിച്ചുകൊണ്ട്, നാട്ടിൽ വന്നുപോകുന്നതിന് ഇരുപതോളം ഉദ്യോഗസ്ഥരും അവരുടെ മൂന്നു മാസത്തെ സകല ചെലവുകളും ശമ്പളം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കെട്ടിവച്ചാൽ മാത്രമേ അദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള അനുമതി നൽകൂവെന്ന് ഒട്ടും മനുഷ്യത്വമില്ലാത്ത സമീപനമാണ് കർണാടക ഗവൺമെന്റ് എടുത്തിരിക്കുന്നത്.
മഅ്ദനിയുടെ കേസ് കർണാടക ഗവൺമെന്റിന്റെ പരിഗണനയിലാണെങ്കിലും സുരക്ഷയും യാത്രാചെലവും മറ്റും പറഞ്ഞ് ഭീമമായ ചെലവിന്റെ കണ്ടീഷൻ പറയുന്ന കർണാടക ഗവൺമെന്റിനോട്, ജാമ്യത്തിൽ വരുന്ന മഅ്ദനിയുടെ പൂർണമായ സംരക്ഷണവും ചെലവും കേരള ഗവൺമെന്റ് ഏറ്റെടുത്തു ബഹുമാനപ്പെട്ട സുപ്രിംകോടതിയെ രേഖാമൂലം അറിയിച്ച് അതിനൊരു പരിഹാരം കാണാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.
നീതി നിഷേധിക്കപ്പെടുന്ന കേരളത്തിലെ ഒരു പൗരൻ എന്ന നിലയ്ക്ക് മഅ്ദനി മാനുഷിക പരിഗണനയ്ക്ക് അർഹനാണ്.
പ്രതീക്ഷയോടെ വളരെ ബഹുമാനപൂർവ്വം
അഡ്വ. കെ.എ ഹസ്സൻ(പ്രസിഡന്റ്)
എം.എച്ച് സുധീർ(ജനറൽ സെക്രട്ടറി)
യാക്കൂബ് എലാംകോട്(ട്രഷറർ)
Summary: The leaders of the Muslim Jama'at Council have asked the state government to take full protection and expenses to bring Abdul Nasir Maudany home in a letter to CM Pinarayi Vijayan