'എന്റെ മോളെ തിരിച്ചു കിട്ടി, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..'; നന്ദി പറഞ്ഞ് അബിഗേലിന്റെ അമ്മ

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്

Update: 2023-11-28 10:07 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: മകളെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് അബിഗേൽ സാറ റെജിയുടെ അമ്മ. ' എന്റെ മോളെ തിരിച്ചു കിട്ടി, മോൾക്ക് വേണ്ടി പ്രാർഥിച്ച കേരളത്തിലും പുറത്തുമുള്ള എല്ലാവരോടും നന്ദി പറയുന്നു.രാഷ്ടീയക്കാർ, കേരള പൊലീസ്, മാധ്യമപ്രവർത്തകർ, പള്ളിയിലുള്ളവർ,നാട്ടുകാർ, പ്രാർഥിച്ച എല്ലാവർക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. മോൾക്ക് വേണ്ടി പ്രാർഥിച്ച കേരളത്തിലും പുറത്തുമുള്ള എല്ലാവരോടും നന്ദി പറയുന്നു...'' അബിഗേലിന്റെ അമ്മ പറയുന്നു.

'ജോലിക്കിടയിലാണ് മോളെ കാണാനില്ല എന്നറിയുന്നത്. ഒരുപാട് പേടിച്ചുപോയി. ഓരോ വീട്ടിലും ഉറങ്ങാതെ എന്റെ കുഞ്ഞിന് വേണ്ടി പ്രാർഥിച്ചു..എന്റെ കുഞ്ഞിനെ ഒരു കുഴപ്പം പോലും ഇല്ലാതെ തിരിച്ചുകിട്ടി..ദൈവം എല്ലാവരുടെയും പ്രാര്‍ഥന കേട്ടു'. അബിഗേലിന്‍റെ അമ്മ മീഡിയവണിനോട് പറഞ്ഞു. അതേസമയം, കുഞ്ഞനിയത്തിയെ കണ്ടുകിട്ടിയ വാര്‍ത്ത കേട്ട് സഹോദരന്‍ ജൊനാഥനും ഏറെ സന്തോഷത്തിലാണ്. വീട്ടിലെത്തിയാല്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്ന് ജൊനാഥന്‍ പറഞ്ഞു. കുഞ്ഞനിയത്തിയെ തട്ടിക്കൊണ്ടുപോയവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ജൊനാഥന്‍ മീഡിയവണിനോട് പറഞ്ഞു.

അതിനിടെ അബിഗേലിനെ  എ.ആര്‍ ക്യാമ്പിലെത്തി പിതാവ് കണ്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോളിലൂടെ അമ്മയും വീട്ടുകാരുമായും അബിഗേല്‍ സംസാരിക്കുകയും ചെയ്തിരുന്നു. 

Full View

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് തിങ്കളാഴ്ച വൈകുന്നേരം 4.20ഓടെയാണ് കാറിലെത്തിയ അജ്ഞാത സംഘം അബിഗേലിനെ  തട്ടിക്കൊണ്ടു പോയത്..സഹോദരൻ ജൊനാഥനുമൊത്ത് ട്യൂഷന് പോകവേ കാറിലെത്തിയ സംഘം കുട്ടിയെ പിടിച്ചു വലിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരനെയും കാറിൽ കയറ്റാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. തുടർന്ന് പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

അതിനിടയിൽ കുട്ടിയെ വിട്ടുകിട്ടാൻ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോളും വന്നിരുന്നു.  മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞു. പാരിപ്പള്ളിയിലെ ഒരു ചായക്കടയിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഓട്ടോയിൽ എത്തിയ സ്ത്രീയും പുരുഷനും ചായക്കട ജീവനക്കാരന്റെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ പ്രതികളിലൊരാളുടെ രേഖാചിത്രവും തയ്യാറാക്കിയിരുന്നു.ഇതോടെ അന്വേഷണം സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് വ്യാപകമാക്കി. നീണ്ട 21മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് കുഞ്ഞിനെ കൊല്ലം നഗര പരിധിയിൽ നിന്ന് തന്നെ കണ്ടെത്തിയത്.  

Full View


Full View




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News