പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിയുടെ മകൻ അശ്ലീല ആംഗ്യം കാണിച്ചു; പരാതിയുമായി യുവ അഭിഭാഷക
ഇ. ഷാനവാസ് ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്
കൊല്ലം: കൊല്ലത്ത് യുവ അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് വൈകുന്നതിന് എതിരെ പരാതിക്കാരി. മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ് ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. അതേസമയം തെളിവെടുപ്പിനിടെ പ്രതിയുടെ മകൻ അശ്ലീല ആംഗ്യം കാണിച്ചതായും പരാതിക്കാരി പറഞ്ഞു.
നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് പരാതി. ഈ മാസം 14ന് നടന്ന സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. എന്നാൽ മുതിർന്ന അഭിഭാഷകനായ ഷാനവാസ് ഖാന്റെ അറസ്റ്റ് പൊലീസ് മനപ്പൂർവം വൈകിപ്പിക്കുന്നു എന്നതാണ് പരാതിക്കാരിയുടെ ആരോപണം.
യുവതിയുമായി ഇന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകൻ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയർക്കുകയും, അശ്ലീല ആംഗ്യം കാണിച്ചതായും പരാതിയുണ്ട്.
ബാർ അസോസിയേഷൻ മുൻ ഭാരവാഹിയായിരുന്ന ഷാനവാസ് ഖാനെ അറസ്റ്റ് ചെയ്യാത്തതിൽ അഭിഭാഷകർക്കിടയിൽ തന്നെ പ്രതിഷേധമുണ്ട്. അറസ്റ്റ് ഇനിയും വൈകിയാൽ സമരം ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി പ്രവർത്തകർ അറിയിച്ചു.