'ഒളിക്യാമറവെച്ച് കണ്ടെത്തിയ ദൃശ്യങ്ങൾ ഒന്നും അല്ലല്ലോ, ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരൂ'- അച്ചു ഉമ്മൻ
ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി, മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു.
കോട്ടയം: തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകൻ അച്ചു ഉമ്മൻ. മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ലെന്നും, ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 40–ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രത്യേക പ്രാർഥനകൾക്കു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോടാണ് പ്രതികരണം.
"എന്റെ പ്രൊഫഷൻ മുഖേനയാണ് ആക്രമണം. ഒളിക്യാമറ വെച്ച് കണ്ടെത്തിയ ദൃശ്യങ്ങൾ ഒന്നും അല്ലല്ലോ. ഞാൻ ഒരു വർഷവും ഒൻപത് മാസവും മുമ്പ് തുടങ്ങിയ ഒരു തൊഴിലിന്റെ ഭാഗമായി ഞാൻ തന്നെ എന്റെ പേജിൽ ഇട്ട ചിത്രങ്ങളെടുത്തുകൊണ്ടാണ് ഈ വ്യക്തിഹത്യ. പറയുന്നത് പച്ചക്കള്ളവും. ഇതിനെ ഞാൻ ശക്തമായി അപലപിക്കുകയാണ്"- അച്ചു ഉമ്മൻ പറഞ്ഞു.
അടുത്തകാലത്ത് ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കാത്ത സ്നേഹവും ആദരവുമാണ് ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ലഭിച്ചത്. ഇതിൽ അസ്വസ്ഥരായവർ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ് ഈ കള്ളക്കഥകൾ. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നുവെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു. ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമനടപടിയെടുക്കാൻ പറ്റുന്നത്. അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം. നുണ പ്രചാരണത്തിന് ജനം മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.