ഷോപ്പിങ് മാളുകളിലെ അനധികൃത പാര്‍ക്കിങ് ഫീസ്; കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി
നിയമം അനുസരിച്ച് പാർക്കിംഗിന് പണം ഈടാക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി സെക്രട്ടറി വി അച്യുതൻ മാളുടമകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നു
അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്ന ഷോപ്പിംഗ് മാളുകള്‍ക്കെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. നിയമം അനുസരിച്ച് പാര്‍ക്കിംഗിന് പണം ഈടാക്കാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി സെക്രട്ടറി വി അച്യുതന്‍ മാളുടമകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. മാളുകളില്‍ നിയമവിരുദ്ധമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നുവെന്ന വാര്‍ത്ത മീഡിയവണ്ണാണ് പുറത്ത്കൊണ്ടുവന്നത്.
മീഡിയവണ്‍ വാര്‍ത്ത ചൂണ്ടിക്കാട്ടി കെ.പി രാജേഷ്കുമാറാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയം മറന്ന് ഒരുമിച്ച് നില്‍ക്കേണ്ട വിഷയമാണ് പണപ്പിരിവെന്ന് മേയര്‍ ബീനാ ഫിലിപ്പ് മറുപടി നല്‍കി. നടപടി തുടങ്ങിയതിന്‍റെ വിശദാംശങ്ങള്‍ ഡെപ്യൂട്ടി സെക്രട്ടറി കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്തു. മാളുകളുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഒരാഴ്ചക്കം തുടർനടപടി എടുക്കാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍റെ തീരുമാനം.