കെ.വി തോമസിനെതിരെ നടപടി; കെ.പി.സി.സിയിൽ ചർച്ചകൾ സജീവം
കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവം. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വെക്കുമ്പോൾ തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി തോമസിനെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവം. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വെക്കുമ്പോൾ തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.
സെമിനാറിൽ നിന്ന് വിലക്കാൻ തീരുമാനിച്ചത് കെ.പി.സി.സി ആയതിനാൽ നടപടിയും കെ.പി.സി.സി തന്നെ തീരുമാനിക്കണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്ത് തീരുമാനം കെ.പി.സി.സി എടുത്താലും അംഗീകരിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി കഴിഞ്ഞു. സെമിനാറിൽ പോകാൻ തീരുമാനിച്ച വാർത്താ സമ്മേളനം തന്നെ അച്ചടക്ക ലംഘനമാണെന്ന് കെ.പി.സി.സി വിലയിരുത്തുകയും ചെയ്തു. അതിനാൽ സെമിനാറിൽ പങ്കെടുക്കുന്നതിന് മുന്നേ തന്നെ വേണമെങ്കിൽ നടപടികളിലേക്ക് കടക്കാം. പക്ഷേ തിരക്കിട്ട് തീരുമാനം വേണ്ടെന്ന നിലപാടിലാണ് നേതൃത്വത്തിലെ ഒരു വിഭാഗം. കെ.വി തോമസ് സെമിനാറിൽ പങ്കെടുത്ത ശേഷം മാത്രം നടപടിക്ക് ഹൈക്കമാൻഡിന് ശിപാർശ നൽകിയാൽ മതിയെന്ന ധാരണ ഇതേ തുടർന്നാണ് നേതാക്കൾക്കിടയിൽ രൂപപ്പെട്ടത്. ഇതിന് പിന്നാലെയാണ് കെ വി തോമസിനെതിരെ നടപടി സ്വീകരിച്ച് ആളക്കരുതെന്ന അഭിപ്രായം ഉയർന്നത്.
അവഗണിക്കണമെന്നും സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസ് വേദികളിലേക്ക് പിന്നീട് ക്ഷണിക്കാതെ മാറ്റി നിർത്തിയാൽ മതിയെന്നുമാണ് ഇവരുടെ പക്ഷം. അല്ലാതെ നേരിട്ട് നടപടി എടുത്താൽ മറുപാളയത്തിൽ ചേക്കേറാൻ എളുപ്പമാവും. അതിന് കോൺഗ്രസ് അവസരമൊരുക്കരുതെന്നുമാണ് ഇവരുടെ പക്ഷം. കെ.പി.സി.സി അധ്യക്ഷനും ഈ അഭിപ്രായത്തോട് യോജിപ്പാണ്. പക്ഷേ എല്ലാ നേതാക്കളുടേയും അഭിപ്രായം തേടിയ ശേഷം മാത്രമേ ഒരു തീരുമാനം എടുക്കൂവെന്നാണ് സുധാകരൻ നേതാക്കളെ അറിയിച്ചത്. നടപടി എടുക്കാതിരുന്നാൽ അതും രാഷ്ട്രീയമായ തിരിച്ചടിയായി വിലയിരുത്തപ്പെടുമെന്ന ഭയം മറ്റൊരു വിഭാഗം നേതാക്കൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. അതിനാൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും കെ.പി.സി.സി നടപടികളിലേക്ക് കടക്കുക.