'ഇവിടുത്തെ എല്ലാ നിയമങ്ങളും അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു'; ബൈജു സന്തോഷ്

എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാൻ

Update: 2024-10-16 06:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസിൽ വിശദീകരണവുമായി നടൻ ബൈജു. മദ്യപിച്ചെന്ന ആരോപണം ബൈജു നിഷേധിച്ചു . ടയർ പഞ്ചറായപ്പോൾ കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായെന്നാണ് വിശദീകരണം. തന്‍റെ ഭാഗത്ത്‌ നിന്ന് അഹങ്കാരത്തോടെയുള്ള സംസാരം ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നതായും ബൈജു ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ബൈജുവിന്‍റെ വാക്കുകള്‍

''നമസ്‌കാരം, ഞായറാഴ്‌ചത്തെ എന്‍റെ ആക്‌സിഡന്‍റുമായി ബന്ധപ്പെട്ട് ചില ധാരണകളും തെറ്റിദ്ധാരണകളുമൊക്കെ സോഷ്യൽ മീഡിയ വഴി പരക്കുകയുണ്ടായി. ഇതിന്റെ യഥാർത്ഥ സംഗതി എന്താണെന്ന് കൂടി പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് അല്ലെങ്കിൽ അറിയിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ഞായറാഴ്‌ച കവടിയാർ ഭാഗത്ത് നിന്ന് ഞാൻ വെള്ളയമ്പലത്തേക്ക് വരികയായിരുന്നു. 65 കിലോമീറ്റർ സ്പീഡുണ്ടാകാം. വെള്ളയമ്പലം ഭാഗത്ത് നിന്ന് മ്യൂസിയത്തേക്ക് പോകാനായിരുന്നു എന്റെ പ്ളാൻ. പക്ഷേ, വെള്ളയമ്പലം ജംഗ്‌‌ക്ഷൻ എത്താറായപ്പോഴേക്കും ഫ്രണ്ട് ടയർ വെടി കേട്ടു. എന്റെ കൈയിൽ നിന്ന് വണ്ടിയുടെ കൺട്രോൾ പോയി. തിരിക്കാൻ നോക്കിയപ്പോൾ വണ്ടി തിരിഞ്ഞില്ല. അങ്ങനെയാണ് ഒരു സ്കൂട്ടറുകാരന്റെ ദേഹത്ത് തട്ടിയത്. അപ്പോൾ തന്നെ ഞാൻ വണ്ടിയിൽ നിന്നിറങ്ങി, ചെറുപ്പക്കാരനെ പിടിച്ചിരുത്തി ഹോസ്‌പിറ്റലിൽ പോണോ എന്നൊക്കെ ചോദിച്ചു. അയാൾ പോകണ്ട എന്നു പറഞ്ഞു. പിന്നെ അറിയാൻ കഴിഞ്ഞത് അയാൾക്ക് ഒടിവോ, ചതവോ, മുറിവോ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ്. കൂടാതെ, പരാതി ഒന്നും ഇല്ലെന്ന് അയാൾ ഇന്നലെ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. പൊലീസുകാർ ഒരുവിധത്തിലും എന്നെ സഹായിച്ചിട്ടുമില്ല. എന്റെ ഭാഗത്തു നിന്നും ഉണ്ടായ മിസ്‌റ്റേക്കിന് അവർ കേസെടുത്തിട്ടുണ്ട്.

ഞാൻ അടിച്ചു പൂസായിരുന്നു, മദ്യപിച്ച് മദോന്മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകളൊക്കെ സോഷ്യൽ മീഡിയയിൽ വരും. കാരണം പൊടിപ്പും തൊങ്ങലുമൊക്കെയുണ്ടെങ്കിലല്ലേ ആൾക്കാർ വായിക്കുള്ളൂ. മാത്രമല്ല, ഒരു ചാനലുകാരന്റെ അടുത്ത് ഞാൻ ചൂടാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ഹോസ്‌പിറ്റലിൽ പോയി തിരിച്ചുവന്നിട്ട് വണ്ടി സ്‌റ്റേഷനിൽ കൊണ്ടിടണമല്ലോ? ടയർ പൊട്ടിയതുകൊണ്ട് അത് മാറ്റിയിടണം. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നു. ഇരുട്ടായതുകൊണ്ട് എനിക്ക് കാണാൻ പറ്റിയില്ല. അപ്പോഴാണ് ഞാൻ ചൂടായത്. ഇരുട്ടത്ത് ഏഷ്യാനെറ്റ് ആണെന്നൊന്നും എനിക്ക് മനസിലായില്ല. വഴിയേ പോകുന്ന ആരോ എടുത്തിട്ടാണെന്ന് വിചാരിച്ചാണ് ചൂടായത്. ഇവിടുത്തെ എല്ലാ നിയമങ്ങളും എല്ലാരെപോലെയും അനുസരിക്കാൻ ഞാനും ബാധ്യസ്ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാൻ.

അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു, പെൺകുട്ടി ഉണ്ടായിരുന്നു എന്നൊക്കെയുള്ള വാർത്തകൾ ഇതിന്റെ കൂടെ വന്നിട്ടുണ്ട്. അത് മറ്റാരുമല്ല, എന്റെ സ്വന്തം വല്യമ്മയുടെ മകളുടെ മകളാണ് എന്നോടൊപ്പം ഉണ്ടായിരുന്നത്. എന്‍റെ മകളുടെ അതേ പ്രായം തന്നെയുള്ളൂ അവൾക്കും. കൂടാതെ, യുകെയിൽ നിന്ന് വന്ന എന്‍റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു''.

ഞായറാഴ്ച രാത്രി 11.45ന് വെള്ളയമ്പലത്തായിരുന്നു അപകടം. മദ്യപിച്ച് വാഹമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ബൈജുവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. വൈദ്യ പരിശോധയ്ക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസാമ്പിൾ നൽകാൻ ബൈജു തയ്യാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News