'ഫുൾ ആളില്ലെങ്കിൽ ഒരു വശത്ത് മാത്രമാകും ഭാരം, അതുകൊണ്ടാണ് ബെഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത്..'; ലോകായുക്ത ഉത്തരവിനെ ട്രോളി ജോയ് മാത്യു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗത്തെക്കുറിച്ചുള്ള ഹരജി ഫുൾ ബെഞ്ചിന് വിടാനായിരുന്നു ലോകായുക്ത ഉത്തരവിട്ടത്

Update: 2023-03-31 12:10 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി ദുർവിനിയോഗത്തെക്കുറിച്ചുള്ള ഹരജി ഫുൾ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ്മാത്യുവിന്റെ പരിഹാസം. ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ എന്ന തലക്കെട്ടിൽ ബെഞ്ചിന്റെ ചിത്രത്തോടെയാണ് ജോയ് മാത്യു കുറിപ്പിട്ടിരിക്കുന്നത്.

'ചില ബഞ്ചുകളിൽ ഫുൾ ആളില്ലെങ്കിൽ ഒരു വശത്ത് മാത്രമാകും ഭാരം. അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവർ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വാഭാവികമാണെന്നും' ജോയ് മാത്യു കുറിച്ചു. ആരും മറിഞ്ഞു വീഴരുത് എന്ന ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ.. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

മുഖ്യമന്ത്രി ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്‌തെന്നാരോപിച്ച് ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹരജിയാണ് ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടത്. വ്യത്യസ്ത അഭിപ്രായം ഉള്ളത് കൊണ്ടാണ് ഹരജി ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമുണ്ടായിരിക്കുന്നത്.

മന്ത്രിസഭ എടുത്ത തീരുമാനത്തിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരം ഉണ്ടോ എന്ന കാര്യത്തിലായിരുന്നു വ്യത്യസ്ത അഭിപ്രായം. ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായം ഉയർന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി ഫുൾ ബെഞ്ചിന് വിട്ടത്. ഭിന്നാഭിപ്രായം ഉയർന്ന സാഹചര്യത്തിൽ ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട ബെഞ്ചായിരിക്കും ഹർജി ഇനി പരിഗണിക്കുക.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അടുത്ത് നിൽക്കുന്നവരുടെ കുടുംബത്തിന് അനർഹമായി ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചെന്നാണ് പരാതി. ഹരജിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാൻ ലോകായുക്ത തീരുമാനിച്ചത്.




ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഫുൾ ബഞ്ച് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ :

ചില ബഞ്ചുകളിൽ ഫുൾ ആളില്ലെങ്കിൽ ഒരു വശത്ത് മാത്രമാകും ഭാരം; അങ്ങനെ ബഞ്ച് താഴ്ന്ന് ഇരിക്കുന്നവർ മൊത്തം മറിഞ്ഞു വീഴും. കാണുന്നവന് ചിരിയും വീണവന് കരച്ചിലും കലിപ്പും സ്വാഭാവികം. അതുകൊണ്ടാണ് ബഞ്ച് എപ്പോഴും ഫുൾ ആകണമെന്ന് പറയുന്നത്. ആരും മറിഞ്ഞു വീഴരുത് എന്ന ഇരിക്കുന്നവരുടെ കരുതലിനെ ആരും സംശയിക്കരുതേ..

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News