ചിരിയുടെ സുൽത്താന് വിട; മാമുക്കോയ അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സ്വാഭാവിക ഹാസ്യത്തിന്റെ അനന്യമായ മികവു കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അതുല്യനടൻ മാമുക്കോയ (76) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടൻ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിർത്തിയ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്.
മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ കഴിഞ്ഞ ദിവസമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കോഴിക്കോടൻ ഭാഷയെ അഭ്രപാളിയിൽ അടയാളപ്പെടുത്തിയ മാമുക്കോയ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിലൊരാളാണ്. പരമ്പരാഗത മുസ്‌ലിം സംഭാഷണ ശൈലി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടെയും മകനായി 1946ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനനം. കോഴിക്കോട് എംഎം ഹൈസ്‌കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പഠനകാലത്തു തന്നെ നാടക മേഖലയിൽ സജീവമായിരുന്നു. നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി (1979) എന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.
സുറുമയിട്ട കണ്ണുകളായിരുന്നു രണ്ടാമത്തേത്. അതും ചെറിയ വേഷമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാർശയിലാണ് ഈ ചിത്രത്തിൽ അവസരം ലഭിച്ചത്. പിഎ മുഹമ്മദ് കോയയുടെ നോവലായിരുന്നു സുറുമയിട്ട കണ്ണുകൾ. ദൂരെ ദൂരെ കൂടുകൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് വഴിത്തിരിവായത്. അതിന് ശേഷം മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നിരവധി വേഷങ്ങളിൽ മാമുക്കോയ നിറഞ്ഞാടി.
കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
സുഹ്‌റയാണ് ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ് എന്നിവരാണ് മക്കൾ.
updating