'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രം, ആ ജനതയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ': പൃഥ്വിരാജ്
നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നുവെന്ന് പൃഥ്വിരാജ്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ വിചിത്രമെന്ന് നടന്‍ പൃഥ്വിരാജ്. എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാകണം. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പൃഥ്വിരാജിന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
"ലക്ഷദ്വീപ്.. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉല്ലാസയാത്രയ്ക്ക് പോയതാണ് മനോഹരമായ ഈ ദ്വീപിനെ കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. വർഷങ്ങൾക്കുശേഷം, സച്ചിയുടെ അനാർക്കലി ടീമിനൊപ്പം ഇവിടെയെത്തി. അന്ന് ഞാൻ കവരത്തിയില്‍ 2 മാസം ചെലവഴിച്ചു. ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന സുഹൃത്തുക്കളെയും ഓര്‍മകളെയും സ്വന്തമാക്കി. രണ്ട് വർഷം മുമ്പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിനായി വീണ്ടുമെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു?
എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു.
Lakshadweep.
My first memories of this gorgeous little group of islands are from a school excursion when I was in my 6th...
Posted by Prithviraj Sukumaran on Sunday, May 23, 2021