നടൻ വിനായകൻ അറസ്റ്റിൽ
മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്
കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. രണ്ട് വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രിക്കാൻ കഴിയാത്ത നിലയിൽ പെരുമാറുക, സർക്കാർ ജീവനക്കാരോട് മോശമായി പെരുമാറുക എന്നിവയാണ് കേസിനാസ്പദമായ വകുപ്പുകൾ. അതേസമയം, എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ വിനായകനെ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യം നൽകി വിട്ടയച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് വിനായകനെതിരെ മുമ്പ് കേസെടുത്തിരുന്നു. ഇന്നത്തെ സംഭവം നടന്ന എറണാകുളം നോർത്ത് സ്‌റ്റേഷനിലെ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഐപിസി 153, 297,120 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചിരുന്നത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നായിരുന്നു പരാമർശം.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നിങ്ങനെയാണ് വിനായകൻ അധിക്ഷേപിച്ച് സംസാരിച്ചത്. നടനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് നടൻ പോസ്റ്റ് പിൻവലിച്ചു. പിന്നീട് വിനായകന്റെ ഫ്‌ളാറ്റിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വിനായകന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് വിനായകൻ പൊലീസിന് നൽകിയ മൊഴി.
കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, സമൂഹമാധ്യമങ്ങളിലുടെ അപകീർത്തികരമായ പ്രചാരണം എന്നി വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ. സംഭവത്തിൽ പ്രതിഷേധിച്ച് വിനായകന്റെ ഫ്ളാറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ കേസ് വേണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ കേസ് എടുക്കൂവെന്നായിരുന്നു അതിന് വിനായകന്റെ മറുപടി. 'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഫേസ്ബുക്കിൽ വിനായകന്റെ പ്രതികരണം.
Actor Vinayakan arrested