നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിച്ചില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ഹരജി ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ തവണ ഹരജി പരിഗണിക്കവെ കോടതി അതിജീവിതയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്.
ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം.
നിലവിൽ സി.ബി.ഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വര്‍ഗീസിന്‍റെ മേൽനോട്ടത്തിലാണ് വിചാരണ. ജഡ്ജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് സ്ഥലം മാറിയപ്പോൾ കേസും മാറ്റുകയായിരുന്നു. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ.ബാലകൃഷ്ണനെ എറണാകുളത്തെ സി.ബി.ഐ സ്‌പെഷ്യൽ ജഡ്ജിയായി മാറ്റിയതിനെ തുടർന്നാണ് കോടതി മാറ്റം.അതിജീവിതയുടെ ആവശ്യപ്രകാരമാണ് കേസ് വിചാരണ വനിത ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തിയത്.
വിചാരണ കോടതി ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഇതേ ആവശ്യവുമായി ജനനീതി സംഘടന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് കത്തു നല്‍കിയിരുന്നു.