നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റത്തിനെതിരെയുള്ള ഹരജിയില്‍ വ്യാഴാഴ്ച വിധി
ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. കോടതി മാറ്റത്തിനെതിരെ ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റിയതിനെതിരെയുള്ള ഹരജിയില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും . ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറയുക. കോടതി മാറ്റത്തിനെതിരെ ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയിൽ ഹരജി നൽകിയത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.
ഹരജിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ പിന്മാറിയത്. നടി നൽകിയ മറ്റൊരു ഹരജിയിൽനിന്നും നേരത്തെ ഇതേ ബെഞ്ച് പിന്മാറിയിരുന്നു. മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന നടിയുടെ ഹരജിയിൽനിന്നാണ് നേരത്തെ ഇതേ ബെഞ്ച് പിന്മാറിയത്.