മുകേഷും ജയസൂര്യയും ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടി പരാതി നൽകി
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നൽകിയത്
കൊച്ചി: നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ തെന്നിന്ത്യൻ നടി പൊലീസിൽ പരാതി നൽകി. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നൽകിയത്.
മുകേഷും ജയസൂര്യയും അടക്കമുള്ള ഏഴു പേർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ച നടിയുടെ പരാതിയിൽ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുമാരായ നോബിൾ, വിച്ചു എന്നിവരുടെ പേരുകളാണുള്ളത്.
കഴിഞ്ഞ ദിവസമാണ് ഇവർക്കെതിരെ ആരോപണമുന്നയിച്ച് നടി രംഗത്ത് വന്നത്. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി ആരോപിച്ചിരുന്നു.
2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ഇടവേള ബാബു ഫ്‌ലാറ്റിൽ വെച്ചും മണിയൻപിള്ള രാജു വാഹനത്തിൽ വെച്ചുമാണ് മോശമായി പെരുമാറിയതെന്ന് നടി ആരോപിച്ചിരുന്നു.