'ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങൾ ചെയ്തതിനുള്ളത് തിരിച്ചുകിട്ടും'; ഫേസ്ബുക്ക് പോസ്റ്റുമായി സിദ്ദിഖിനെതിരെ പരാതി നൽകിയ നടി

മസ്‌കറ്റ് ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Update: 2024-09-24 11:25 GMT
Advertising

കൊച്ചി: പീഡനപരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ഉടൻ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും അറസ്റ്റ് ചെയ്യാൻ പൊലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്യുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പരാതിക്കാരിയായ നടി. 'ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങൾ ചെയ്തതിനുള്ളത് തിരിച്ചുകിട്ടും'- എന്നാണ് നടിയുടെ പ്രതികരണം.

മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കുംമുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. എറണാകുളത്തെ ഇരു വീടുകളിലും നടൻ ഇല്ല. നടനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. കൊച്ചി സിറ്റി പൊലീസിൻ്റെ ഒരു സംഘം കൊച്ചിയിലും മറ്റൊരു സംഘം റൂറൽ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്പാശ്ശേരിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇതിനിടെ, കേസന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. പീഡന പരാതിക്കു പിന്നാലെ, താരത്തിനെതിരെ ​വീണ്ടും ആരോപണവുമായി നടി രം​ഗത്തെത്തിയിരുന്നു. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ നടി, സിനിമയിൽ നിന്നും താരത്തെ വിലക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സിനിമയിലെ താരങ്ങൾക്കെതിരെ ലൈം​ഗികപീഡന പരാതികളും ആരോപണങ്ങളുമായി നടിമാർ രം​ഗത്തെത്തിയത്. മുകേഷ്, സിദ്ദിഖ്, ബാബുരാജ്, ജയസൂര്യ, ഇടവേള ബാബു, അലൻസിയർ തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. ആരോപണത്തിനു പിന്നാലെ സിദ്ദിഖ് താരസംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. എംഎൽഎ കൂടിയായ മുകേഷിനെതിരായ നടിയുടെ പരാതിൽ ഇന്ന് വിളിച്ചുവരുത്തിയ അന്വേഷണ സംഘം മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം താരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News