ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാനാകില്ല; ചെന്നിത്തല

ആർഎസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത് കുമാറെന്ന് രമേശ് ചെന്നിത്തല

Update: 2024-09-07 07:28 GMT
Advertising

കൊച്ചി: ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെ എഡിജിപിക്ക് ആർഎസ്എസ് നേതാവിനെ കാണാൻ കഴിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായുള്ള സിപിഎം ബന്ധം ഓരോ ദിവസവും മറ നീക്കി പുറത്തു വരികയാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൂടിക്കാഴ്ച. എന്ത് കൊണ്ടാണ് ഇതിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് ചെന്നിത്തല ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ബിജെപി ബന്ധം പുറത്തുവരുമെന്നതിനാലാണ്. ആർഎസ്എസും മുഖ്യമന്ത്രിയും തമ്മിലുള്ള പാലമാണ് എം.ആർ അജിത് കുമാർ. എഡിജിപി സ്വകാര്യ വാഹനത്തിലെത്തി ആർഎസ്എസ് ദേശീയ നേതാവുമായി ചർച്ച ചെയ്യേണ്ട എന്ത് കാര്യമാണുണ്ടായിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബിജെപിയുമായുള്ള സിപിഎം ബന്ധം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണ്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഈ രഹസ്യധാരണയാണ്. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം. തിരക്കഥയുണ്ടാക്കി പൂരം കലക്കുകയായിരുന്നു. ഇതിന്‍റെ ഗുണഭോക്താവ് എന്ന നിലയിൽ സുരേഷ് ഗോപിയും മറുപടി പറയണം. ബിജെപി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യും. ബിജെപിയെ സഹായിക്കാൻ പിണറായി വിജയനും എന്തും ചെയ്യും. ഇതാണ് കേരളത്തിൽ നടക്കുന്നത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ ഈ രഹസ്യ ധാരണയാണ്. 

മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികാവകാശം നഷ്ടമായി. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ അത് ശശിയുടെ കയ്യിലേക്ക് പോകുമെന്നല്ലാതെ ഒരു ചുക്കും നടക്കില്ലെന്ന പറഞ്ഞത് ഇടതുപക്ഷ എംഎൽഎയാണ്. ശശിയാണ് മുഖ്യമന്ത്രിയുടെ റോൾ വഹിക്കുന്നതെന്ന് പറയുന്നത് ഇടത് എം എൽ എമാരാണ്.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News