എം.എസ് ഓഫീസ്, ഔട്ട് ലുക്ക്, ടാലി... സോഫ്റ്റ്‌വെയർ മെയിന്റനൻസിനാണ് വീണയുടെ കമ്പനി ഒന്നരക്കോടി വാങ്ങിയത്: കെ.എസ് അരുൺകുമാർ
മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അരുൺകുമാറിന്റെ പ്രതികരണം.
കോഴിക്കോട്: എം.എസ് ഓഫീസ്, ഔട്ട് ലുക്ക്, ടാലി, പവർ ബിൽഡർ എന്നീ സോഫ്റ്റ്‌വെയറുകളുടെ മെയിന്റനൻസിനാണ് വീണാ വിജയന്റെ കമ്പനി ഒന്നരക്കോടി രൂപ വാങ്ങിയതെന്ന് സി.പി.എം നേതാവ് അഡ്വ. കെ.എസ് അരുൺകുമാർ. കേരളത്തിലെ സ്വാധീനമുള്ള രാഷ്ട്രീയനേതാവിന്റെ മകൾ എന്ന പരാമർശം വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലായിരുന്നു അരുൺകുമാറിന്റെ പ്രതികരണം.
എക്‌സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള കരാറിനെക്കുറിച്ച് വ്യക്തമാക്കേണ്ടത് അവരാണ്. ഈ കമ്പനികൾക്ക് ഒരു നോട്ടീസ് അയച്ചാൽ അതിനെക്കുറിച്ച് കമ്പനികളെന്ന നിലയിൽ അവർ വിശദീകരിക്കും. അത് ചെയ്യാതെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അരുൺ കുമാർ ആരോപിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉൾപ്പെടെ നിരവധിപേരാണ് ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ഒരുനല്ല ഓഫീസ് ഇന്റീരിയർ ഒക്കെ ചെയ്ത് ഡെവലപ് ചെയ്യാൻ ഒന്നൊന്നര കോടിയൊക്കെ വരും. പിന്നെ 100 എം.എസ് ഓഫീസിന് ഒരു പാവം പെൺകുട്ടി 1.72 കോടി വാങ്ങിയത് വലിയ കാര്യമാണോ എന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.