അമീബിക് മസ്തിഷ്‌കജ്വരത്തെ ചിരിച്ച് തോൽപ്പിച്ച് അഫ്‌നാൻ വീട്ടിലേക്ക് മടങ്ങി
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് രോഗമുക്തി നേടിയ രാജ്യത്തെ ആദ്യയാളാണ് ഈ 14കാരൻ
കോഴിക്കോട്: രോഗലക്ഷണം കണ്ടയുടനെ പ്രാഥമിക സ്ഥിരീകരണം. പിന്നെ ഒട്ടും ചിന്തിച്ചു നിൽക്കാതെ ഉടൻ ചികിത്സ ആരംഭിച്ചു. ഒടുവിൽ രോഗമുക്തി. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ നിറ ചിരിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ അത് അപൂർവത്തിൽ അപൂർവമായ നിമിഷംകൂടിയായിരുന്നു.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് രോഗമുക്തി നേടിയ രാജ്യത്തെ ആദ്യത്തെ ആൾ. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്ന് മുക്തി നേടിയ തന്റെ മകനെ വീട്ടിലേക്ക് തിരികെകൊണ്ടുപോകാൻ വന്ന ഉമ്മയുടേയും വാപ്പയുടേയും മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മാത്രം. സന്തോഷംകൊണ്ട് ഇരുവരുടേയും കണ്ണും നിറഞ്ഞിട്ടുണ്ട്.
ആദ്യം ചെറിയ പനിയാണ് കോഴിക്കോട് മേലടി സ്വദേശിയായ അഫ്‌നാൻ ജാസിം എന്ന 14കാരന് അനുഭവപ്പെട്ടത്. അഫ്‌നാന് രോഗലക്ഷണം വന്ന സാഹചര്യത്തിന് മുന്നേ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനം കനത്ത ജാഗ്രതിയിലായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്ന സാഹചര്യകൂടി ആയിരുന്നതിനാൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്‌ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു.
അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് മിൽറ്റെഫോസിൻ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി.
നിപ ബാധിച്ച് വീണ്ടും മരണം സംഭവിച്ച് സങ്കടത്തിലാഴ്ന്നിരുക്കുന്ന സംസ്ഥനത്തിന് ഇതിലും ആശ്വാസകരമായ വാർത്ത കേൾക്കാനില്ല. ഏകോപനത്തിന്റേയും മികച്ച ചികിത്സാ സൗകര്യങ്ങളുടേയും മികവിൽ കേരളം അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെടുന്നു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനും ആരോഗ്യ വകുപ്പിനും അഭിനന്ദനങ്ങൾ.